Asianet News MalayalamAsianet News Malayalam

പ്ലസ് വണ്ണിന് സീറ്റ് ഇനിയും വേണം, അപ്പോഴും ഉള്ള സ്കൂളിൽ പഠിപ്പിക്കാൻ ആളില്ല; സ്കൂളുകൾ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ആകെ 28 സർക്കാർ സ്കൂളുകളിലെ കുട്ടികളാണ് അധ്യാപകരില്ലാതെ ദുരിതം അനുഭവിക്കുന്നത്. 2014 -19 കാലയളവിൽ 28 സ്കൂളുകൾക്കാണ് പുതുതായി പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത്. പക്ഷേ, ഈ സ്‍കൂളുകളിലൊന്നും സ്ഥിര അധ്യാപക നിയമനം നടത്തിയിട്ടില്ല

lack of teachers in higher secondary batches in many schools students in peril
Author
Kannur, First Published Oct 23, 2021, 7:48 AM IST

കണ്ണൂർ: സംസ്ഥാനത്ത് പ്ലസ്‍ വണ്ണിന് (Plus One) അധിക സീറ്റ് വേണമെന്ന വാദം ഉയരുമ്പോഴും സർക്കാർ നേരത്തെ അനുവദിച്ച പല പുതിയ ബാച്ചുകളിലും ഇതുവരെയും അധ്യാപക തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 2014-15 അധ്യയന വർഷം മുതൽ പുതുതായി തുടങ്ങിയ ബാച്ചുകളിലാണ് അധ്യാപകരില്ലാത്തത് (no teachers). സംസ്ഥാനത്ത് 28 സ്കൂളുകളിലാണ് പ്രതിസന്ധി.

"സംശയം ചോദിക്കുമ്പോൾ അധ്യാപകരുടെ മുഖം കറുക്കും, അതെന്താ ആദ്യം പറഞ്ഞപ്പോ മനസിലാവാതിരുന്നതെന്ന് ചോദിക്കും. മറ്റ് സ്കൂളുകളിൽ നിന്നുള്ള അധ്യാപകരാണ് ക്ലാസെടുക്കുന്നത്. അവരുടെ പെരുമാറ്റം തന്നെ മടുപ്പിക്കും". ആറളം ഫാം ഹയർസെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ സങ്കടമാണ് ഇത്. പലപ്പോഴും സംശയങ്ങൾ ചോദിക്കാൻ തോന്നിയെങ്കിലും മടിച്ചു. ചീത്ത കേൾക്കുമെന്ന് പേടിച്ച് മിണ്ടാതിരിക്കുന്നു കുട്ടികൾ. ഓൺലൈൻ ക്ലാസിനുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ അഡ്മിൻ ഓൺലിയാണ്. അതാകുമ്പോൾ കുട്ടികൾക്ക് തിരിച്ചൊന്നും പറയാൻ പറ്റില്ലല്ലോ. 

എഴുപത് ശതമാനവും ആദിവാസി വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന ആറളത്തെ കാഴ്ചയാണിത്. ഇതുപോലെ സംസ്ഥാനത്ത് ആകെ 28 സർക്കാർ സ്കൂളുകളിലെ കുട്ടികളാണ് അധ്യാപകരില്ലാതെ ദുരിതം അനുഭവിക്കുന്നത്. 2014 -19 കാലയളവിൽ 28 സ്കൂളുകൾക്കാണ് പുതുതായി പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത്. പക്ഷേ, ഈ സ്‍കൂളുകളിലൊന്നും സ്ഥിര അധ്യാപക നിയമനം നടത്തിയിട്ടില്ല.

കഴിഞ്ഞ ഡിസംബർ വരെ ഇവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിരുന്നു. ഡിസംബറിന് ശേഷം അതും ഉണ്ടായില്ല. പുതിയ ബാച്ച് തുടങ്ങി രണ്ട് വർഷം വരെ മതിയായ കുട്ടികളുണ്ടെങ്കിൽ സ്ഥിര അധ്യാപക തസ്തിക സൃഷ്ടിക്കണമെന്നാണ് ചട്ടം നിലനിൽക്കെയാണിത്. എയ്ഡഡ് സ്കൂളുകളിലെ സ്ഥിതിയും ആശാവഹമല്ല, 2014-15ൽ അനുവദിച്ച 6 ബാച്ചുകളിലും 2015-16ൽ അനുവദിച്ച 21 ബാച്ചുകളിലും ഇതുവരെയും അധ്യാപകരില്ല. ഓൺലൈൻ ക്ലാസായതോടെ പലയിടത്തും മറ്റ് സ്കൂളുകളിലെ അധ്യാപകരാണ് ക്ലാസെടുത്തത്. എന്നാൽ സ്കൂൾ തുറക്കുന്ന സമയത്ത് ക്ലാസ് മുറികളിൽ അധ്യാപകരെത്തുമോ എന്നതിന് ഉത്തരമില്ല.

Follow Us:
Download App:
  • android
  • ios