ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ ആറരയോടെയാണ് ജെസ്സിയും ഭർത്താവും ഷാജിയും സ്കൂട്ടറിൽ വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുത്തുമല കള്ളാടി റോഡിലെ വളവിൽ വച്ചായിരുന്നു ആക്രമണം. രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടാനകൾ നേരം പുലർന്നിട്ടും പ്രദേശത്ത് തുടർന്നിരുന്നു. ഈ ആനകളിൽ ഒന്നാണ് ജെസ്സിയെയും ഷാജിയെയും ആക്രമിച്ചത്. ജെസ്സി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി കാട്ടാന ഇറങ്ങുന്ന മേഖലയാണ് മേപ്പാടിയിലെ ഈ പ്രദേശം. ഇതിനോട് ചേർന്ന് സ്ഥലങ്ങളിലായി മുൻപും ആളുകൾക്ക് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ഫെൻസിംഗ് സ്ഥാപിക്കണമെന്ന് ആവശ്യത്തിനും ഈ മേഖലയിൽ പരിഹാരമായിട്ടില്ല. കാട്ടാനയെ മയക്കു വെടി വെക്കണമെന്ന് ആവശ്യപ്പെട്ട് മുണ്ടക്കൈ വനംവകുപ്പ് ഓഫീസ് ഉപരോധിച്ച നാട്ടുകാർ പിന്നീട് മേപ്പാടി റോഡും ഉപരോധിച്ചു. 

കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്നാണ് പ്രഖ്യാപനം.