കോഴിക്കോട് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പിആര്‍ഒ ആയ യുവതി മാനേജര്‍ ഷഫീറിന്‍റെ മോശം പെരുമാറ്റത്തിനിതെരെ ആശുപത്രി മാനേജ്മെന്‍റിനാണ് ആദ്യം പരാതി നല്‍കിയത്. പലവട്ടം മാനേജരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായതായി യുവതി പറയുന്നു.

കോഴിക്കോട്: സഹപ്രവർത്തകനെതിരെ പീഡന പരാതി നല്‍കിയതിന്‍റെ പേരില്‍ യുവതിയെ ആശുപത്രി മാനേജ്മെന്‍റ് പുറത്താക്കിയതായി പരാതി. കോഴിക്കോട് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെ പിആര്‍ഒയെയാണ് പുറത്താക്കിയത്. പൊലീസിന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആശുപത്രി മാനേജ്മെന്‍റ് ആവശ്യപ്പെട്ടതായും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പി ആര്‍ ഓ ആയ യുവതി മാനേജര്‍ ഷഫീറിന്‍റെ മോശം പെരുമാറ്റത്തിനിതെരെ ആശുപത്രി മാനേജ്മെന്‍റിനാണ് ആദ്യം പരാതി നല്‍കിയത്. പലവട്ടം മാനേജരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായതായി യുവതി പറയുന്നു. മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പരാതിക്കാരിക്കെതിരെ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചെന്നാണ് ആക്ഷേപം. ട്രെയിനി സ്റ്റാഫെന്ന നിലയില്‍ സ്ഥാപനത്തിനെതിരായ പ്രവര്‍ത്തനമുണ്ടായതിനാല്‍ സ്വമേധയാ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റ് പരാതിക്കാരിക്ക് കത്ത് നൽകി.

യുവതിയുടെ പരാതിയില്‍ ആശുപത്രി മാനേജരായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷഫീറിനെതിരെ പയ്യോളി പോലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ മറ്റൊരു ജീവനക്കാരി നല്‍കിയ പരാതിയിലും പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്. ഷഫീറിപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അസഭ്യം പറഞ്ഞെന്ന യുവതിയുടെ പരാതിയില്‍ മാനേജര്‍ക്ക് താക്കീത് നല്‍കിയതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ നടപടിയില്‍ തൃപ്തിയില്ലെന്ന് പറഞ്ഞതിനാല്‍ ആശുപത്രിയില്‍ നിന്നും പുറത്ത് പോയി നിയമനടപടി സ്വീകരിക്കാമെന്നാണ് പരാതിക്കാരിയെ അറിയിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു..