Asianet News MalayalamAsianet News Malayalam

'മലയാളം ദ്വീപിന്‍റെ ഭാഷയല്ല', കരട് നിയമങ്ങൾക്ക് എതിരായ ഹർജിയെ എതിർത്ത് ഭരണകൂടം

കരടു നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനിൽക്കില്ല. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമം ഇംഗ്ലീഷിലാണ്  തയ്യാറാക്കേണ്ടത്. മലയാളം ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയല്ലെന്നും ദ്വീപ് ഭരണകൂടം.

lakshadweep administration opposes pleas against controversial draft laws
Author
Kochi, First Published Jul 12, 2021, 1:16 PM IST

കൊച്ചി: ലക്ഷദ്വീപിൽ ഏറെ പ്രതിഷേധമുയർത്തിയ വിവാദ കരട് നിയമങ്ങൾക്കെതിരെ എംപി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ എതിർവാദങ്ങളുമായി ദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും  കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ദ്വീപ് ഭരണകൂടം വാദിക്കുന്നു. നിയമം നിലവിൽ വന്നാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ എന്നും നിലവിൽ ഹർജി നിലനിൽക്കുന്നതല്ലെന്നും ദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലം സമർപ്പിച്ചു. 

കരടു നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനിൽക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമം ഇംഗ്ലീഷിലാണ്  തയ്യാറാക്കേണ്ടത്. മലയാളം ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയല്ലെന്നും ദ്വീപ് ഭരണകൂടം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. 

കൊവിഡ് കാലത്ത് കിറ്റുകൾ നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും സമാനസ്വഭാവമുള്ള ആവശ്യങ്ങൾ തന്നെയാണ് എംപിയുടെ ഹർജിയിലും പറയുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളിൽ നേരത്തേ അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസാഹാരങ്ങൾ ഒഴിവാക്കാനും ഡയറിഫാമുകൾ അടച്ചുപൂട്ടാനുമുള്ള ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ വിവാദ ഉത്തരവുകളുമായി മുന്നോട്ട് പോയ അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയിൽ നിന്നേറ്റത് വൻ പ്രഹരമാണ്. ലക്ഷദ്വീപ് സ്വദേശിയായ അജ്മൽ അഹമ്മദിന്‍റെ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. വർഷങ്ങളായുള്ള കുട്ടികളുടെ ഭക്ഷണരീതി മാറ്റണം എന്ന് പറയുന്നതിന്‍റെ യുക്തി എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ ബീഫ് ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ സൂക്ഷിക്കാൻ സൗകര്യങ്ങളില്ലെന്ന വിചിത്ര വാദവുമായി അഡ്മിനിസ്ട്രേഷൻ രംഗത്തെത്തി. ഡയറി ഫാമുകൾ ലാഭത്തിലല്ലാത്തതിനാലാണ് അടച്ചു പൂട്ടിയത്. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി. ദ്വീപിലെ ഡയറിഫാമുകൾ അടച്ചുപൂട്ടി സ്യകാര്യ കമ്പനിയുടെ ഡയറി ഫാം തുടങ്ങാനുള്ള ശ്രമങ്ങൾക്കിടെയാണ് ഹൈക്കോടതിയുടെ നടപടി

Follow Us:
Download App:
  • android
  • ios