Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് മണ്ണ് കടത്ത് തടഞ്ഞ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു

ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജെസിഫിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്. 
 

land owner who questioned illegal mining in his own property hit and killed by jcb
Author
Kattakkada, First Published Jan 24, 2020, 8:32 AM IST


തിരുവവന്തപുരം: സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. തിരുവനന്തപുരം കാട്ടാക്കടയ്ക്ക് അടുത്ത കാഞ്ഞിരംമൂട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തിന്‍കാല സ്വദേശി സംഗീതാണ് മരിച്ചത്. 

സംഗീതിന്‍റെ പുരയിടത്തില്‍ നിന്നും നിന്നും ഇന്നലെ രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജെസിഫിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്. 

പ്രവാസിയായിരുന്ന സംഗീത് ഇപ്പോള്‍ നാട്ടില്‍ ചിക്കന്‍ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള വിശാലമായ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍ വനംവകുപ്പിന് സംഗീത് അനുമതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. 

മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്‍റെ കാര്‍ വഴിയില്‍ ഇട്ട് ജെസിബിയുടെ വഴി മുടക്കി. ഈ ഘട്ടത്തില്‍ സംഗീതിന്‍റെ വീടിനോട് ചേര്‍ന്നുള്ള മതില്‍ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്‍റെ ശ്രമം. ഇതു തടയാന്‍ വേണ്ടി സംഗീത് കാറില്‍ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നില്‍ നിന്നു. അപ്പോള്‍ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു എന്നാണ് വിവരം.

പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.  മണ്ണുമാന്തി സംഘത്തില്‍ നാലഞ്ച് പേരുണ്ടായിരുന്നു. ഇവര്‍ വന്ന ബൈക്കുകള്‍ നാട്ടുകള്‍ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തര്‍ക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ടെന്ന് സ്ഥലം കൗണ്‍സിലര്‍ സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപ്പെട്ട സംഗീതിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരില്‍ പ്രധാനിയാണ് സജുവെന്ന് നാട്ടുകാര്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios