Asianet News MalayalamAsianet News Malayalam

വടകര വിലങ്ങാട് ഉരുൾപൊട്ടൽ; മൂന്ന് വീടുകൾ മണ്ണിനടിയിൽ

ഫയർഫോഴ്സിനും തഹസീൽദാർക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല. 

landslide in vadakara three houses destroyed
Author
Vadakara, First Published Aug 9, 2019, 4:26 AM IST

വടകര: വടകര വിലങ്ങാട് ഉരുൾപൊട്ടൽ മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായിയെന്നാണ് വിവരം, നാലുപേരെ കാണാതായി. വിലങ്ങാട് ആലുമൂലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഉരുൾപൊട്ടിയത്.വിലങ്ങാട് അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാലൂർ റോഡിലാണ് അപകടമുണ്ടായത്. 7 വീടുകൾ ഉരുൾപൊട്ടലിൽ തകർന്നുവെന്നാണ് വിവരം.

4 വീടുകളിൽ ആളുകൾ ഇല്ലായിരുന്നു. ഒരു വീട്ടിൽ ഒരു സ്ത്രീയും ഭർത്താവുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭർത്താവ് രക്ഷപ്പെട്ടു. ഭാര്യയെ കാണാനില്ല. മറ്റൊരു വീട്ടിലുള്ള മൂന്ന് പേരെയും കാണാനില്ല. ഒരു പിക്കപ്പ് വാൻ, കാറ്, ബൈക്ക് എന്നിവയും ഒലിച്ചു പോയി.

പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുള്ളത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. വിവരമറിഞ്ഞ ഉടൻ തഹസിൽദാറുൾപ്പെട്ട സംഘം വിലങ്ങാട്ടേക്ക് തിരിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം എത്തിപ്പെടാൻ സാധിച്ചില്ല. വടകര തഹസിൽദാർ കെ കെ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ടിരിക്കുന്നത്. 

കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്. ചെറിയ വാഹനങ്ങൾ ഉപയോഗിച്ച് സ്ഥലത്തെത്തിപ്പെടാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. രാവിലെ ആറു മണിയോടെ രക്ഷാ പ്രവർത്തനം പുനരാരംഭിക്കും. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാലുമാണ് രക്ഷാ പ്രവർത്തനം വൈകുന്നത്.

 

Follow Us:
Download App:
  • android
  • ios