ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. നടന്നത് ഗുരുതരവീഴ്ചയാണെന്ന് ചൂണ്ടികാണിച്ച് സ്പെഷ്യൽ കമ്മീഷണര്‍ ഹൈകോടതിയിൽ റിപ്പോര്‍ട്ട് നൽകി

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിയെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. ബോർഡ് തീരുമാനപ്രകാരം അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ് ദേവസ്വം പ്രസിഡൻ്റിൻ്റെ വിശദീകരണം. ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ ദേവസ്വം ബോർഡ് ഇളക്കിയതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്. 

കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകിയിട്ടുള്ളത് അതേസമയം, ദ്വാരപാലക ശില്പങ്ങലൂടെ സ്വർണ്ണപ്പാളികൾക്ക് കേടുപാടുണ്ടെന്നും അടുത്ത മണ്ഡലകാലത്തിനു മുൻപ് അത് പരിഹരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു. അറ്റകുറ്റപ്പണികൾക്കായി പാളി ചെന്നൈയിലേക്ക് കൊണ്ടുപോയി. ബോർഡ് തീരുമാനപ്രകാരം തന്ത്രിയുടെ അനുമതി വാങ്ങി തിരുവാഭരണ കമ്മിഷണറും വിജിലൻസും അടക്കമാണ് പാളി ഇളക്കിയത്. അതിന് സ്പെഷൽ കമ്മിഷണറുടെ അനുമതി വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലൻസ് എസ് പി അടക്കം ചെന്നൈയിലേക്ക് പോയിട്ടുണ്ട് എന്നും പ്രസിഡന്‍റ് വിശദീകരിക്കുന്നു.അതേസമയം,വീഴ്ച ചൂണ്ടിക്കാട്ടിയുള്ള സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ട് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.

YouTube video player