തിരുവനന്തപുരം: കലാലയങ്ങളില്‍ തുടര്‍ച്ചയായുണ്ടാവുന്ന അക്രമസംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം. കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരം പഠിപ്പിനെ ബാധിച്ചെന്ന് ലത്തീന്‍ കൗണ്‍സിലിന്‍റെ പ്രമേയത്തിലും ചൂണ്ടിക്കാട്ടുന്നു. 

രാഷ്ട്രീയ അതിപ്രസരമാണ് കലാലയങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതില്‍ ആശങ്കയുണ്ട്. കലാലയങ്ങളില്‍ വിദ്യാഭ്യാസനിലവാരത്തെ തന്നെ രാഷ്ട്രീയ അതിപ്രസരം ബാധിച്ചു. അധികാരം പിടിക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കാൻ വിദ്യാർത്ഥി സംഘടനകള്‍ തയ്യാറാവുന്നുവെന്നും ബിഷപ് ഡോ. എം സൂസപാക്യം മാധ്യമങ്ങളോട് പറഞ്ഞു.

കേരള പൊലീസിന്‍റെ മൂന്നാം മുറയ്ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് പ്രമേയത്തിലുള്ളത്. പൊലീസിന്‍റെ മൂന്നാം മുറ അപലപനീയമാണെന്നും അംഗീകരിക്കാനാവത്താതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം കുറ്റക്കാരെ കണ്ടെത്താനും ചോദ്യം ചെയ്യാനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. സർക്കാരിൻ്റെ മദ്യനയം അപലപനീയമാണെന്നും ഈ നയത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും സൂസപാക്യം വ്യക്തമാക്കി.