444 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതികൾ അവതരിപ്പിച്ച് പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ, പിഎൻബി, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 7.40% വരെ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതമായ വരുമാനം തേടുന്ന നിക്ഷേപകർക്ക് ഈ പദ്ധതികൾ മികച്ച അവസരമാണ് നൽകുന്നത്.

സ്വർണം വാങ്ങിക്കുന്നത് ഒരു വർഷത്തേക്ക് നിർത്തി വയ്ക്കണമെന്നും, വർക്ക് ഫ്രം ഹോം അടക്കമുള്ള കാര്യങ്ങൾ കമ്പനികൾ ആലോചിച്ചു തുടങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു. എന്തായാലും സാമ്പത്തികമായി ഞെരുക്കം നേരിടാൻ നമ്മൾ റെഡി ആയിരിക്കണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടക്ക് പണം എവിടെ നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണമെന്ന ചോദ്യങ്ങളുയരുകയാണ്. ഇപ്പോൾ സുരക്ഷിതമായ വരുമാനം തേടുന്ന നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പൊതുമേഖലാ ബാങ്കുകളുടെ (PSU Banks) 444 ദിവസത്തെ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് (FD) പദ്ധതികൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക് തുടങ്ങിയ ബാങ്കുകൾ സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സീനിയർ സിറ്റിസൺസിനും സൂപ്പർ സീനിയർ സിറ്റിസൺസിനും പലിശനിരക്ക് ഇതിലും കൂടുതലാണ്. ചില ബാങ്കുകൾ 7.40 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

എസ്ബിഐ

എസ്ബിഐയുടെ ‘അമൃത് വൃഷ്ഠി’ പദ്ധതിയിൽ സാധാരണ നിക്ഷേപകർക്ക് 6.45 ശതമാനം പലിശയാണ് ലഭിക്കുക. സീനിയർ സിറ്റിസൺസിന് 6.95 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.05 ശതമാനവും ലഭിക്കും. 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10,81,423 വരെ മെച്ച്യൂരിറ്റി തുകയായി ലഭിക്കും. അതായത് പലിശയായി ലഭിക്കുന്ന വരുമാനം 81,423 രൂപയായിരിക്കും

പിഎൻബി

പിഎൻബിയിൽ 444 ദിവസത്തെ സ്പെഷ്യൽ എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം പലിശ ലഭിക്കും. സീനിയർ സിറ്റിസൺസിന് 7.10 ശതമാനവും 80 വയസ്സിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 7.40 ശതമാനവും ലഭിക്കും.10 ലക്ഷം രൂപ നിക്ഷേപിച്ചാൽ മെച്ച്യൂരിറ്റി തുക ഏകദേശം 10,83,382 രൂപ ആയിരിക്കും. അതായത് പലിശ വരുമാനം ഏകദേശം 83,382 രൂപയോളം വരും.

ഇന്ത്യൻ ബാങ്ക്

ഇന്ത്യൻ ബാങ്കിന്റെ ‘Ind Secure Product’ പദ്ധതിയിലും സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം പലിശയാണ് ലഭിക്കുക. സീനിയർ സിറ്റിസൺസിന് 7.10 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.35 ശതമാനവും ലഭിക്കും.10 ലക്ഷം നിക്ഷേപിച്ചാൽ ഏകദേശം 10,83,382 വരെ റിട്ടേൺ ലഭിക്കാമെന്നാണ് കണക്കുകൾ.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയുടെ ‘ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം’ പ്രകാരം സാധാരണ നിക്ഷേപകർക്ക് 6.45 ശതമാനം പലിശയാണ് ലഭിക്കുക. സീനിയർ സിറ്റിസൺസിന് 6.95 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.05 ശതമാനവും ലഭിക്കും.10 ലക്ഷം നിക്ഷേപിച്ചാൽ ഏകദേശം 10,81,423 രൂപ തിരികെ ലഭിക്കും.

കാനറ ബാങ്ക്

കാനറ ബാങ്കിൽ 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 444 ദിവസത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയാണ് നൽകുന്നത്. സീനിയർ സിറ്റിസൺസിന് 7 ശതമാനം പലിശ ലഭിക്കും.10 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഏകദേശം 10,82,076 വരെ മെച്ച്യൂരിറ്റി തുകയായി ലഭിക്കാം.

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

444 ദിവസത്തെ ഈ സ്പെഷ്യൽ എഫ്ഡി പദ്ധതികൾ സുരക്ഷിത നിക്ഷേപ മാർഗം തേടുന്നവർക്കായി മികച്ച ഓപ്ഷനാണ്. പലിശനിരക്കുകൾ കാലാനുസൃതമായി മാറാൻ സാധ്യതയുള്ളതിനാൽ നിക്ഷേപത്തിന് മുമ്പ് ബന്ധപ്പെട്ട ബാങ്കുകളിൽ നിന്ന് പുതിയ നിരക്കുകൾ ചോദിച്ചറിയുകയും സാമ്പത്തിക ഉപദേഷ്ടാവിന്റെ നിർദേശം തേടുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.