അതിരൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം മുഖ്യകാര്‍മികനാകും.
തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ് മോണ്‍.തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേക ചടങ്ങ് ഇന്ന് നടക്കും. വൈകീട്ട് 4.45 ന് ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ദോ ജിറേല്ലി തിരുവനന്തപുരത്ത് എത്തി. അതിരൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം മുഖ്യകാര്‍മികനാകും. ഇരുപതോളം മെത്രാന്‍മാര്‍ക്ക് പുറമേ നൂറില്‍പരം വൈദികരും കന്യാസ്ത്രീകളും ചടങ്ങില്‍ പങ്കെടുക്കും. വെട്ടുകാട് റോഡില്‍ ഇന്ന് ഉച്ചതിരിഞ്ഞ് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിന്റെ പിന്‍ഗാമിയായിട്ടാണ് തോമസ് ജെ. നെറ്റോ ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം അതിരൂപത കോ ഓര്‍ഡിനേറ്ററായി ആയി പ്രവര്‍ത്തിക്കുന്നതിനിടെയാണ് തോമസ് നെറ്റോയെ തേടിയുള്ള പുതിയ ദൗത്യം. മെത്രാന്‍ അഭിഷേകത്തിന്റെ 32-ാം വാര്‍ഷിക ദിനത്തിലായിരുന്നു സൂസെപാക്യത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
2004 മുതലാണ് തിരുവനന്തപുരം രൂപതയെ അതിരുപതയായി ഉയര്‍ത്തിയത്. അന്ന് മുതല്‍ സൂസെപാക്യമായിരുന്നു നയിച്ചത്. കാറ്റിലും കടല്‍ക്ഷോഭത്തിലും ആടിയുലഞ്ഞ തീരദേശ ജനതയ്‌ക്കൊപ്പമായിരുന്നു എല്ലാ കാലവും സൂസെപാക്യം. സുനാമി ഫണ്ട് ക്രമക്കേടിലെ പ്രതിഷേധം, ഓഖി ബാധിതര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാനുള്ള പ്രക്ഷോഭം, വിഴിഞ്ഞം പൂന്തുറ കലാപ ബാധിതരര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അങ്ങനെ സംഭവ ബഹുലമായിരുന്നു ഡോ.എം സൂസെപാക്യത്തിന്റെ ഇടപെടല്‍. സര്‍ക്കാര്‍ ഏതായാലും പ്രതികരിക്കാനും പ്രതിഷേധം നയിക്കാനും ഒരു മടിയും കാണിച്ചില്ല സൂസെപാക്യം.
