ഗേറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയപ്പിച്ചെന്ന് പരാതി. എന്നാല്‍ പ്രതിഷേധത്തിന്‍റെ പേരിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിരാഹാര സമരവുമായി ലത്തീൻ അതിരൂപത. പോർട്ട് ഗേറ്റിന് മുന്നിൽ സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസിന്‍റെ നേതൃത്വത്തിലാണ് നിരാഹാര സമരം. ഗേറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയപ്പിച്ചെന്ന് പരാതി. എന്നാല്‍ പ്രതിഷേധത്തിന്‍റെ പേരിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്നായിരുന്നു ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പദ്ധതിയിൽ എതിർപ്പുള്ളവർക്ക് നിയമത്തിന്‍റെ പരിധിയിൽ നിന്ന് പ്രതിഷേധമാകാമെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി. 

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പൊലീസ് പ്രതിഷേധക്കാർക്ക് കൂട്ട് നിൽക്കുകയാണെന്നും സമരം കാരണം പദ്ധതി പൂർണ്ണമായി നിശ്ചലമായെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചു. വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നും പൊതുപണം അടക്കം ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാൽ സമരം സമാധാനപരമായാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാർ കോടതിയെ അറിയിച്ചു. പരാതികൾ ഉചിതമായ ഫോറത്തിലാണ് അറിയിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ ബുധനാഴ്ച വിശദമായ വാദം കേൾക്കും.

മരണക്കെണിയായി കുഴി; റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

തൃശ്ശൂർ പൂവത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പോന്നൂർ സ്വദേശികളായ ജോണി ഭാര്യ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പൂവത്തൂർ പാവറട്ടി റോ‍ഡിലെ കുഴിയിൽ വീണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജോണിയും ജോളിയും. കോലുക്കൽ പാലത്തിന് സമീപത്തെ കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ട് നിലത്തുവീണു. ജോണിയുടെ ശരീരമാസകലം പരിക്കുപറ്റി. ഉടൻ നാട്ടുകാര്‍ ചേര്‍ന്ന് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വെള്ളം കെട്ടി കിടന്ന കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പരിക്കേറ്റ ജോണിയും ജോളിയും പറയുന്നത്. 

പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നും ജോണി വിശദീകരിച്ചു. റോഡിലെ കുഴി ശ്രദ്ധിയിൽ പെട്ടിരുന്നില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും പരിക്കേറ്റ ദമ്പതികൾ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പിഡബ്ല്യുഡി റോഡിലെ കുഴിയടയ്ക്കാൻ കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്ന് നാട്ടുകാരുടെ പരാതി. വെള്ളം ഇറങ്ങി പൊട്ടിയ റോഡ് നന്നാക്കണമെന്ന് കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴി മാത്രം ഒഴിവാക്കി മറ്റുള്ളവ നന്നാക്കുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണലൂർ മണ്ഡലത്തിൽപ്പെടുന്ന റോഡിന്‍റെ അറ്റകുറ്റപണിയുടെ ചുമതല പിഡബ്യുഡിക്കാണ്. ഇവരുടെ പിടിപ്പുകേടാണ് അപകടമുണ്ടാക്കിയത്.