കൊച്ചി: മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കിയവർക്കായി സർക്കാർ ആനുവദിച്ച് പാക്കേജ് അടിയന്തിരമായി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ലത്തീൻ സഭ മുഖ്യമന്ത്രിക്ക് കത്തു നൽകി. വരാപ്പുഴ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലാണ് കത്ത് നൽകിയത്. ഒരു മാസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് സഭയുടെ ആലോചന.

2008 ഫെബ്രുവരി ആറിനാണ് മൂലമ്പിള്ളിയിൽ നിന്നും 316 കുടുംബങ്ങളെ കുടയിറക്കിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് റോഡും റെയിൽ പാതയും നിർമ്മിക്കാൻ സ്ഥലം കണ്ടെത്താനായിരുന്നു കുടിയിറക്ക്. ഇവർക്ക് തുതിയൂർ മേഖലയിൽ ഏഴു ഭാഗത്തായി ഭൂമി അനുവദിച്ചു. എന്നാല്‍ ഈ ഭൂമി ചതുപ്പു നിലമായതിനാൽ ഭൂരിഭാഗം പേർക്കും വീടു നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. പണിത വീടുകളിൽ പലതും ചെരിഞ്ഞതിനാൽ താമസിക്കാനും കഴിഞ്ഞിരുന്നില്ല.

കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് 5000 രൂപ വീതം പ്രതിമാസ വാടക അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതും ആറു മാസമായി കിട്ടുന്നില്ല. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്ന വാഗ്ദാനവും നടപ്പായില്ല. വെള്ളവും വൈദ്യുതിയും റോഡും ഒരുക്കി എന്നു പറഞ്ഞാണ് സർക്കാർ വാടക മുടക്കിയത്. കുടിയിറക്കപ്പെട്ടവരിൽ 27 പേർ ഇതിനകം മരിക്കുകയും ചെയ്തു. കുടിയിറക്ക് നടന്ന് പതിനൊന്നു വർഷം കഴിഞ്ഞിട്ടും പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതിനെ തുടർന്നാണ് സഭ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറന്പിൽ വ്യക്തമാക്കി.