തിരുവനന്തപുരം: കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (കിയാൽ) സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന നിയമ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തള്ളി. കഴിഞ്ഞ വർഷമായിരുന്നു സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന് നിയമസെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകിയത്. എന്നാൽ ഇത് തള്ളിക്കളഞ്ഞാണ് സർക്കാർ സിഎജിക്ക് പൂർണ ഓഡിറ്റ് അനുമതി നിഷേധിച്ചത്.

സർക്കാർ ഓഹരിക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും കണക്കാക്കണമെന്ന കമ്പനി കാര്യമന്ത്രാലയത്തിന്‍റെ ഉത്തരവ് കണക്കിലെടുക്കണമെന്നാണ് നിയമസെക്രട്ടറി നിർദേശിച്ചത്. 

അഡ്വക്കറ്റ് ജനറലും നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥും തമ്മിൽ സിഎജി ഓഡിറ്റിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. 2017- വരെ കിയാൽ സിഎജി ഓഡിറ്റിന് വിധേയമായിരുന്നു. പുതിയ കമ്പനി നിയമം അനുസരിച്ച് 51% സർക്കാർ ഓഹരിയുള്ള കമ്പനികളിൽ സിഎജി ഓഡിറ്റ് വേണം. എന്നാൽ കിയാലിൽ സർക്കാരിന്‍റെ നേരിട്ടുള്ള ഓഹരി 33% മാത്രമാണ്. ഈ കാരണം പറഞ്ഞുകൊണ്ടാണ്, അഡ്വക്കറ്റ് ജനറൽ സർക്കാരിനോട് സിഎജി ഓഡിറ്റ് അനുമതി നൽകേണ്ടിയിരുന്നില്ല എന്ന നിയമോപദേശം നൽകുന്നത്.

സിഎജി നിരവധി തവണ സർക്കാരിന് ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. നിയമസെക്രട്ടറി തന്നെ നേരിട്ട്, ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിയമോപദേശം നൽകി. പുതിയ കമ്പനികാര്യനിയമം അനുസരിച്ച് കിയാൽ പോലൊരു കമ്പനിയിൽ സർക്കാരിന്‍റെ നേരിട്ടുള്ള ഓഹരി മാത്രം പോര, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ കൂടി കൂട്ടി വേണം, സർക്കാരിന്‍റെ മൊത്തം ഓഹരികൾ കണക്കാക്കാൻ. പുതിയ നിയമം അനുസരിച്ച് കിയാലിൽ സിഎജി ഓഡിറ്റ് അനുവദിക്കണം. പക്ഷേ സ‍ർക്കാർ സ്വീകരിച്ചത് അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം മാത്രം. 

ഫെബ്രുവരി 28-ന് സിഎജി ചീഫ് സെക്രട്ടറിക്കും മാർച്ച് 28-ന് മുഖ്യമന്ത്രിക്കും ഓഡിറ്റ് ആവശ്യപ്പെട്ട് കത്ത് നൽകി. ജൂലൈ 10-ന് സിഎജി വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുന്നു. ശ്രദ്ധേയമായ കാര്യം, ഈ കത്തുകൾക്കൊന്നും സർക്കാർ സിഎജിയ്ക്ക് മറുപടി നൽകിയില്ലെന്നതാണ്.

സിഎജി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും കിയാലാണ് മറുപടി നൽകുന്നത്. കോർപ്പറേറ്റ് മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾക്കനുസരിച്ച് കിയാൽ ഇപ്പോഴും സർക്കാർ സ്ഥാപനമാണ്. എന്നാൽ സർക്കാർ ഇതര സ്ഥാപനമാണെന്നാണ് ഇപ്പോഴും സർക്കാർ വാദിക്കുന്നത്.