യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിനെ 1,838 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ജനീഷ് കുമാർ മണ്ഡലത്തിൽ ഹാട്രിക് വിജയം പൂർത്തിയാക്കിയത്. ജനീഷ് കുമാർ 60,380 വോട്ടുകൾ നേടിയപ്പോൾ, അവസാന നിമിഷം വരെ കടുത്ത വെല്ലുവിളി ഉയർത്തിയ സതീഷ് കൊച്ചുപറമ്പിലിന് 58,542 വോട്ടുകൾ ലഭിച്ചു. 

കോന്നി : ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച കോന്നി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന് ആവേശകരമായ വിജയം. 1838 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാറിന് 60380 വോട്ടുകളും പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പിൽ 58542 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ടിപി സുന്ദരേശൻ 15278 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കോന്നി. കോന്നി താലൂക്കിൽ ഉൾപ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും അടൂർ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് ഈ നിയമസഭാമണ്ഡലം. 2016ൽ മണ്ഡലത്തിൽ എംഎൽഎയായിരുന്ന അടൂർ പ്രകാശ് ലോക്സഭയിൽ‌ മത്സരിച്ച് വിജയിച്ചതിനു പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ‌ എൽഡിഎഫ് സ്ഥാനാർഥി കെയു ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

1967 മുതൽ 1996 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ഇടത് വലത് മുന്നണികൾ മാറി മാറി ഭരണരംഗത്ത് എത്തിയിരുന്ന മണ്ഡലമാണ് കോന്നി. എന്നാൽ അടൂർ പ്രകാശിന്റെ വരവോടെ മണ്ഡലം തുടർച്ചയായി കോൺഗ്രസിനെ പിന്തുണച്ചിരുന്നു. 2019ലെ ഉപ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെയു ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുത്തു. 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെയു ജനീഷ് കുമാർ വിജയിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച ജനീഷ് കുമാർ മണ്ഡലത്തിൽ 8508 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെയു ജനീഷ് കുമാർ 62,318 വോട്ടുകളാണ് നേടിയത്. കോൺഗ്രസിന്റെ റോബിൻ പീറ്റർ 53,810 വോട്ടുകൾ നേടി. ആ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമുയർത്തി വലിയ മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയോടെയാണ് ബിജെപി എത്തിയത്. എന്നാൽ വിശ്വാസത്തെ രാഷ്ട്രീയ വോട്ടുകളാക്കി മാറ്റാനുള്ള ബിജെപിയുടെ തന്ത്രം ഫലിച്ചിരുന്നില്ല. ബിജെപി വോട്ട് വിഹിതത്തിൽ നേരിയ വർധനവ് ഉണ്ടാക്കിയെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരേണ്ടി വരികയായിരുന്നു.