കുണ്ടറ നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി.സി. വിഷ്ണുനാഥിന് വമ്പിച്ച വിജയം. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് വിഷ്ണുനാഥ് മണ്ഡലം നിലനിർത്തിയത്. 32,564 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 

കുണ്ടറ നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി.സി. വിഷ്ണുനാഥിന് വമ്പിച്ച വിജയം. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് വിഷ്ണുനാഥ് മണ്ഡലം നിലനിർത്തിയത്. 32,564 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പി.സി. വിഷ്ണുനാഥ് 87,862 വോട്ടുകൾ നേടിയപ്പോൾ, പ്രധാന എതിരാളിയായ എൽഡിഎഫിലെ എസ്.എൽ. സജികുമാറിന് 55,298 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന് 18,996 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ.

Add Asianetnews as a Preferred SourcegooglePreferred

1967ലാണ് മണ്ഡലം രൂപീകൃതമായത്. ഇടതിനോടും വലതിനോടും മാറി മാറി കൂറു പുലർത്തുന്ന മണ്ഡലമാണ് കുണ്ടറ. ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഡോ. പികെ സുകുമാരനായിരുന്നു വിജയിച്ചത്. പിന്നീട് എ.എ. റഹീമിലൂടെ കോൺഗ്രസ് മണ്ഡലത്തിൽ ആധിപത്യം സ്ഥാപിച്ചു. ജെ. മേഴ്സിക്കുട്ടിയമ്മ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും 2001-ൽ കടവൂർ ശിവദാസൻ അവരെ അട്ടിമറിക്കുകയായിരുന്നു. 2016-ൽ മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയെ 2021-ൽ 4,523 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ യുഡിഎഫ് വിജയക്കൊടി നാട്ടിയത്.

കെപിസിസി വർക്കിങ് പ്രസിഡന്റും മുൻപ് ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച അനുഭവസമ്പത്തുമുള്ള വിഷ്ണുനാഥ് തന്റെ അഞ്ചാം മത്സരത്തിനായിരുന്നു ഇപ്രാവശ്യം ഇറങ്ങിയത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും എംഎൽഎ എന്ന നിലയിലുള്ള വ്യക്തിബന്ധങ്ങളും കരുത്താകും എന്ന പ്രതീക്ഷ മത്സരത്തിനിറങ്ങമ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻകെ പ്രേമചന്ദ്രന് ലഭിച്ച വൻ ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴിൽ നാല് പഞ്ചായത്തുകൾ യുഡിഎഫിനൊപ്പം നിന്നതും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനായിരുന്നു എൻഡിഎ സ്ഥാനാർഥി. യുവജന വോട്ടുകളും നിഷ്പക്ഷ വോട്ടുകളും സമാഹരിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു എൻഡിഎ റോബിനെ രംഗത്ത് ഇറക്കിയത്.