മങ്കടയിലെ എൽഡിഎഫ് സ്ഥാനാർഥി എം പി അലവി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻവാങ്ങുന്നതായി സ്ഥിരീകരിച്ചു. ലീഗ് വിമതനായി മത്സരിക്കുന്ന കുന്നത്ത് മുഹമ്മദിന് എൽഡിഎഫ് പിന്തുണ നൽകുമെന്നും മഞ്ഞളാംകുഴി അലിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം: സ്ഥാനാർഥിത്വത്തിൽ നിന്നും പിൻവാങ്ങുന്ന കാര്യം സ്ഥിരീകരിച്ചു മങ്കടയിലെ എൽ ഡി എഫ് സ്ഥാനാർഥി എം പി അലവി. ലീഗ് വിമതൻ കുന്നത്തു മുഹമ്മദിനെ പാർട്ടി പിന്തുണക്കുമെന്ന് എം പി അലവി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന നേതൃത്വം ഉടൻ നടത്തും. മങ്കടയിൽ ജയിക്കുക എന്നതാണ് പ്രധാനമെന്നും മഞ്ഞളാം കുഴി അലി ചതിച്ചു പോയതാണെന്നും അതിനുള്ള മറുപടി നൽകണമെന്നും എം പി അലവി പ്രതികരിച്ചു. ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ്‌ പത്രിക നൽകിയിട്ടുണ്ട്. ഇനി തന്റെ സ്ഥാനാർഥിത്വത്തിന് പ്രസക്തി ഇല്ലെന്ന് എം പി അലവി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മങ്കടയിലെ ലീഗ് എന്നാൽ കുന്നത്ത് തറവാടാണെന്ന് എം പി അലവി പറഞ്ഞു. സമസ്ത നേതാവ് ആലികുട്ടി മുസ്ലിയാരുടെ സഹോദരന്‍റെ മകനാണ് മുഹമ്മദ്‌. സമസ്ത വോട്ടുകളും അദ്ദേഹത്തിന് കിട്ടുമെന്ന് എം പി അലവി പറഞ്ഞു. സ്ഥാനാർഥി മാറുമ്പോൾ എൽ ഡി എഫ് പ്രവർത്തകർക്ക് മാനസിക വിഷമം ഉണ്ടാകും. സ്ഥാനാർഥിക്കല്ല എൽ ഡി എഫിനാണ് വോട്ട് നൽകേണ്ടതെന്നും മാറുന്നതിൽ തനിക്ക് വിഷമം ഇല്ലെന്നും എം പി അലവി പറഞ്ഞു.

മഞ്ഞളാംകുഴി അലിയെ ലീഗിന്‍റെ സ്ഥാനാർത്ഥി ആക്കുന്നതിൽ എതിർപ്പ് ഉന്നയിച്ചാണ് നിയോജക മണ്ഡലം പ്രസിഡന്‍റ് കുന്നത്ത് മുഹമ്മദ്‌ പത്രിക നൽകിയത്. എൽഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.

YouTube video player