ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം. ബിജെപി നേതാവ് വർഗീയത ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം. തെരഞ്ഞെടുപ്പ് അയോഗ്യത ഉൾപ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു

തൃശൂർ: ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയെന്നും നിയമപരമായി നേരിടുമെന്നും സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു. രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുൽ ഖാദർ വിമർശിച്ചു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വർഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ബി ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉൾപ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു.

ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.

സിപിഎം പ്രസ്താവന

"ഗുരുവായൂരിന്‍റെ സർഗ്ഗധന്യമായ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിന് കഴിയില്ല. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമര കാലത്ത് യാഥാസ്ഥിതിക പക്ഷത്ത് നിന്ന പ്രസ്ഥാനമാണ് സംഘ് പരിവാരം.അന്ന് ക്ഷേത്രാധികാരിക്ക് പിന്തുണ നൽകുക വഴി ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന മഹാ ഭൂരിപക്ഷം ഹൈന്ദവ വിശ്വാസി സമൂഹത്തിന്റെയും ആവശ്യത്തിന് പാര പണിയുകയായിരുന്നു ആർ എസ് എസ്.ഗുരുവായൂരിന്റെ ഇന്നോളമുള്ള വികസന ചരിത്രത്തിൽ ബി ജെ പിക്ക് യാതൊരു പങ്കുമില്ല. ഉള്ളത് കുത്തി തിരിപ്പിന്റെയും വിഭജനത്തിന്റെയും വിഭാഗീയ രാഷ്ട്രീയ ഇടപെടൽ മാത്രം. ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ സമഗ്ര വികസനത്തിന് രൂപരേഖ തയ്യാറാക്കിയതും വികസന പ്രവർത്തനങ്ങൾ നടത്തിയതും സെക്യുലർ സർക്കാരുകളാണ്. കേരളത്തിൽ അധികാരത്തിലിരുന്ന മതനിരപേക്ഷ പാർട്ടികളുടെ സർക്കാരുകളും അതിന് നേതൃത്വം നൽകിയ ജനപ്രതിനിധികളുമാണ്. ഇതിലൊന്നും യാതൊരു പങ്കും ബിജെപിക്കോ അതിന്റെ മുൻ രൂപമായ ജന സംഘത്തിനൊ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇതൊന്നും അറിയാത്തവരാണ് ഈ നാട്ടിലെ ജനങ്ങൾ എന്ന് ബിജെപി നേതാവ് കരുതുന്നതെങ്കിൽ അദ്ദേഹം വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് എന്ന് പറയാതെ വയ്യ.

കഴിഞ്ഞ പത്തു വർഷക്കാലത്തെ മാത്രം എൽ ഡി എഫ് വികസന പദ്ധതികൾ എടുത്താൽഗുരുവായൂർ നഗരത്തിൽ അഭൂതപൂർവ്വമായ സംഭാവനകളാണെന്ന് കാണാം. റെയിൽവെ ക്രോസ് ദിവസം 36 തവണ അടക്കുന്നതു കൊണ്ട് തിരക്കുള ദിവസങ്ങളിൽ ഗുരുവായൂരിൽ വാഹന ബാഹുല്യം കൊണ്ട് ശ്വാസം മുട്ടുമായിരുന്നു. ഏക പരിഹാരം ഗുരുവായൂർ റെയിൽവെ മേൽപ്പാലം വരിക എന്നതായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു. ഗുരുവായൂർ മേൽപ്പാലം യാഥാർത്ഥ്യമാക്കി. 25 കോടി രൂപ കിഫ്ബിയിലൂടെ ചെലവഴിച്ചാണ് പാലം പണി തീർത്തത്. ഇതിന് നേതൃത്വം നൽകിയത് ഇടതുപക്ഷത്തിന്റെ എം എൽ എ മാരായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള ശുദ്ധജലക്ഷാമം പരിഹരിച്ചത് എൽഡിഎഫ് സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയിലൂടെയായിരുന്നു. പ്രതിദിനം 5 ലക്ഷം ലിറ്റർ ശുദ്ധജലം ദേവസ്വത്തിന് ഇതുവഴി നൽകുന്നു.

ഗുരുവായൂരിന്റെ മാലിന്യ പ്രശ്നം പരിഹരിച്ചത് സംസ്ഥാന സർക്കാരും ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയും രൂപപ്പെടുത്തിയ പദ്ധതിയിലൂടെയാണ്. മൂക്കു പൊത്താതെ നടക്കാൻ കഴിയാത്ത കാലം ഇവിടെ ഉണ്ടായിരുന്നു. ഫലപ്രദമായ പദ്ധതിയിലൂടെ ഇതു മാറ്റിയെടുത്തത് ഇടതുപക്ഷ ഭരണമാണ്. ജനപ്രതിനിധികളുടെ മതം പറഞ്ഞ് ആക്ഷേപിക്കുന്ന ബിജെപി നേതാവിന് ഇതെ കുറിച്ചൊന്നുമറിയില്ല. ഗുരുവായൂർ നഗരത്തിലെ മനോഹരമായ റോഡുകൾ, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾ എല്ലാം ഇവിടെ യാഥാർത്ഥ്യമാക്കിയഇടതുപക്ഷ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സംഭാവനകളെ ഗുരുവായൂരിന് വേണ്ടി യാതൊന്നും ചെയ്യാത്ത ഒരു നേതാവ് ആക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗ്ഗീയ പ്രസ്താവന നടത്തിയതിനെ സിപിഐ എം നിയമപരമായി നേരിടും. പരാതി ഇതിനകം ഇലക്ഷൻ കമ്മീഷന് നൽകിയിട്ടുണ്ട്. ബിജെപി ഗുരുവായൂർ ജനതയോട് മറുപടി നൽകേണ്ട മറ്റൊരു പ്രധാന ചോദ്യമുണ്ട്. രണ്ടു വർഷമായി തൃശൂരിന്റെ എം പിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിഎന്താണ് ഈ നാടിന് വേണ്ടി ചെയ്തത്. വിലക്ഷണമായ പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന്വേണ്ടി ചെയ്തില്ല. ഈ ചോദ്യത്തിന് മറുപടി ഇല്ലാത്തതുകൊണ്ടാണ് ബിജെപിനേതാവ് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ല"