Asianet News MalayalamAsianet News Malayalam

പൊന്നാനിയിലും മലപ്പുറത്തും ലീഗിന് 'ക്ഷീണം'?; സമസ്ത-ലീഗ് പ്രശ്നം മണ്ഡലങ്ങളില്‍ ബാധിച്ചുവെന്ന് എല്‍ഡിഎഫ്

പരമ്പരാഗതമായി ലീഗിന് വോട്ടു ചെയ്തിരുന്ന സമസ്തയിലെ ഒരു വിഭാഗം ഇക്കുറി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി.

ldf claims that muslim league has challenge in ponnani and malappuram in this lok sabha election
Author
First Published Apr 28, 2024, 7:34 AM IST

കോഴിക്കോട്: സമസ്തയിലെ ഒരു വിഭാഗവും മുസ്ലീം ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ ന്യൂനപക്ഷ മേഖലകളിലെ പോളിങിനെ ബാധിച്ചതായി ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പരമ്പരാഗതമായി ലീഗിന് വോട്ടു ചെയ്തിരുന്ന സമസ്തയിലെ ഒരു വിഭാഗം ഇക്കുറി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി. സമസ്തയുടെ പേരില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ സൈബര്‍ പ്രചാരണം ശക്തമായിരുന്ന പൊന്നാനിയിലും മലപ്പുറത്തും പോളിങ് കുറഞ്ഞത് ഭൂരിപക്ഷം കുറക്കുമോയെന്ന ആശങ്ക മുസ്ലീം ലീഗിനുമുണ്ടെന്നാണ് സൂചന. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിയെ തോല്‍പ്പിക്കണമെന്ന ആഹ്വാനവുമായി സൈബര്‍ ഇടങ്ങളില്‍ സമസ്തയുടെ പേരില്‍ പ്രചരിപ്പ പോസ്റ്ററുകള്‍ക്ക് കണക്കില്ല. വാശിയേറിയ പോളിങ് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് ശതമാനത്തിലേറെ കുറവ് പോളിങാണ് പൊന്നാനിയില്‍ രേഖപ്പെടുത്തിയത്. 

മലപ്പുറത്ത് മൂന്ന് ശതമാനത്തോളവും കുറവ് വന്നു. സമസ്തയിലെ ലീഗ് വിരുദ്ധരുടെ വോട്ടുകളില്‍ ചെറിയ ശതമാനം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയതായും വിലയിരുത്തപ്പെടുന്നുണ്ട്.  ലീഗിന് കിട്ടേണ്ട വലിയ പങ്ക് വോട്ട്, സമസ്തയുമായുള്ള പോരിന്‍റെ പേരില്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഇടതു മുന്നണി പറയുന്നത്. മലപ്പുറത്തും സമാനസ്ഥിതിയുണ്ടായതാണ് പോളിങില്‍ കുറവ് വരാന്‍ കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സമസ്തയുമായുണ്ടായ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് മുസ്ലീം ലീഗിന്‍റെ അവകാശ വാദം. സിഎഎ വിഷയത്തില്‍ ഇരുമുന്നണികളും നടത്തിയ പ്രചാരണങ്ങളൊന്നും ന്യൂനപക്ഷ വോട്ടര്‍മാരില്‍ വലിയ ആവേശമുണ്ടാക്കിയിട്ടില്ലെന്ന വിലയിരുത്തലുമുണ്ട്. 

വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലും , കോഴിക്കോട് , കണ്ണൂര്‍ മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളിലുമെല്ലാം പോളിങില്‍ വന്ന കുറവ് യുഡിഎഫിന്‍റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. ഇതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലേക്കാണെന്നതാണ് യുഡിഎഫിന് ആശ്വാസമാകുന്ന ഒരു ഘടകം.

Also Read:- സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios