Asianet News MalayalamAsianet News Malayalam

'യോജിച്ച് എതിര്‍ക്കണം': ദില്ലിയിലെ 'ജനകീയ പ്രതിരോധ'ത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി

ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന യൂണിയന്‍ സര്‍ക്കാരിന്റെ നയത്തെ യോജിച്ച് എതിര്‍ക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിന്‍.

ldf delhi mega protest kerala cm pinarayi invites tamilnadu cm mk stalin joy
Author
First Published Jan 22, 2024, 8:05 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയില്‍ നടത്തുന്ന ജനകീയ പ്രതിരോധം പരിപാടിയിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ക്ഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം ഇന്ന് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറിയെന്ന് മന്ത്രി രാജീവ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു, പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ് ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ ജനകീയ പ്രതിരോധം നടത്തുന്നത്. 

ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന യൂണിയന്‍ സര്‍ക്കാരിന്റെ നയത്തെ യോജിച്ച് എതിര്‍ക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിന്‍ പറഞ്ഞെന്ന് രാജീവ് അറിയിച്ചു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിശദാംശങ്ങള്‍ സ്റ്റാലിനെ അറിയിച്ചു. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവയ്ക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജി.എസ്.ടി നഷ്ടപരിഹാരമുള്‍പ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒപ്പം വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. കേരളത്തിന് പുറമെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ ഘട്ടത്തില്‍ കേരളത്തിന്റെ പ്രതിഷേധത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. 

തമിഴ്‌നാട് ധനകാര്യ വകുപ്പ് മന്ത്രി തങ്കം തെന്നരസ്, ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദില്ലിയിലെ കേരള ഹൗസില്‍ നിന്ന് ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികള്‍ ജന്തര്‍ മന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കും.

രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios