Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കോടികളുടെ കുഴൽപ്പണം'; അന്വേഷിക്കണമെന്ന് എൽഡിഎഫ്

 ഇ ഡി അന്വേഷണം ആവശ്യപ്പെട്ട്  ലോക് താന്ത്രിക്  യുവജനതാദളും പരാതി നൽകി. മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക്  റോഡുമാർഗ്ഗം പണമെത്തിച്ചെന്നാണ് പരാതി. 

LDF Demand Election commission enquiry on BJP hawala money accusation
Author
Thiruvananthapuram, First Published Apr 24, 2021, 5:59 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം കേരളത്തിലേക്കൊഴിക്കെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന്  എൽഡിഎഫ്. സംഭവത്തിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട്  ലോക് താന്ത്രിക്  യുവജനതാദളും പരാതി നൽകി. മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക്  റോഡുമാർഗ്ഗം പണമെത്തിച്ചെന്നാണ് പരാതി. പാലക്കാട് വച്ച് ഇടപാടിന് ശ്രമം നടന്നെന്ന  വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി  ജില്ല അധ്യക്ഷൻ ഇ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് കുഴൽപ്പണമായി കോടികൾ കേരളത്തിലേക്കൊഴുകിയെന്ന വാർത്തകൾക്ക് തൊട്ടുപുറകെയാണ്,  ജനവിധി അട്ടിമറിക്കാൻ ബിജെപി നേതൃത്വം നൽകിയെന്ന  ആരോപണവുമായി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ തന്നെ രംഗത്തെത്തിയത്. 

കൊടകരയിൽ കുഴൽപ്പണത്തിലെ മൂന്നരക്കോടി കൊളളയടിക്കപ്പെട്ടത്  ഗൗരവമേറിയ സംഭവമാണെന്നും അന്വേഷണം വേണമെന്നും വിജയരാഘവൻ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. പാലക്കാട്ടും സമാന സംഭവം നടന്നെന്നുമാണ് എൽഡിഎഫ് കൺവീനറുടെ ആരോപണം. കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്കാണ്   ലോക് താന്ത്രിക് യുവജനതാദൾ നേതാവ്  സലീം മടവൂർ പരാതി നൽകിയത്. തെരഞ്ഞെടുപ്പിൽ കളളപ്പണമൊഴുക്കന്നത് ജനാധിപത്യത്തെ തക‍ർക്കുന്നതായതിനാൽ നിയമ നടപടിവേണമെന്നാണ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത് 

പാലക്കാട് പണം കൈമാറ്റത്തിന് ശ്രമം നടന്നെന്ന ആരോപണം  ബിജെപി ജില്ലാ അധ്യക്ഷൻ തളളിക്കളയുന്നു. പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയെന്നും ബിജെപി. എന്നാൽ മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും പാലക്കാട് എസ് പി അറിയിച്ചു.

Follow Us:
Download App:
  • android
  • ios