Asianet News MalayalamAsianet News Malayalam

ശബരിമല വിഷയത്തില്‍ ജനവികാരം അറിഞ്ഞില്ല; സ്വയം വിമര്‍ശനവുമായി കോടിയേരി

കോടിയേരിയുടെ പ്രതികരണം സിപിഎം നടത്തുന്ന ഭവനസന്ദര്‍ശന പരിപാടിക്ക് കിട്ടിയ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ 

LDF failed to under stand public feeling in sabarimala
Author
Thiruvananthapuram, First Published Jul 23, 2019, 11:14 AM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദര്‍ശനത്തില്‍ നിന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കക്ഷികളും നിലപാട് മാറ്റി. ശബരിമല വിഷയത്തില്‍ പൊതുവിലുണ്ടായ ഈ മാറ്റത്തിന് അനുസരിച്ച് സര്‍ക്കാര്‍ നിലപാട് എടുത്തില്ല എന്ന  വിമര്‍ശനം പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായി. ജനങ്ങളെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ തെറ്റദ്ധരിച്ചു. ഇതെല്ലാം തിരുത്താനുള്ള നടപടികള്‍ പാര്‍ട്ടി ഇനി സ്വീകരിക്കും. 

ശബരിമലയിലേത് സുപ്രീംകോടതി വിധിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പരിമിതിയുണ്ട്. കോടതി വിധി നടപ്പാക്കാന്‍ മാത്രമേ പ്രായോഗികമായി സാധിക്കൂ. ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമല ഭക്തര്‍ക്കോ വിശ്വാസികള്‍ക്കോ എതിരല്ലെന്നും കോടിയേരി വ്യക്തമാക്കി. 

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വരികയാണ്.  ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഭവനങ്ങളിലെത്തുന്നത്. ഇതോടെ പാര്‍ട്ടിയില്‍ നിന്ന അകന്നവരെ തിരിച്ചു കൊണ്ടു വരാം എന്നാണ് സിപിഎം നേതൃത്വത്തിന്‍റെ പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios