ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ പോലെ തന്നെ അതിശക്തമായ സര്‍ക്കാര്‍ വിരുദ്ധ, സിപിഎം വിരുദ്ധ നിലപാടിലായിരുന്നു വോട്ടര്‍മാര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനെതിരെ ചെറിയൊരു നടപടിയെടുക്കാത്തത് പോലും ജനരോഷം ഇരട്ടിപ്പിച്ചു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായത്. അതിശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയുമാണ് എൽഡിഎഫിന്‍റെ കനത്ത തോൽവിക്ക് പ്രധാന കാരണങ്ങൾ. ക്ഷേമപെൻഷൻ വർധനയും അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനവും ജനം ചെവിക്കൊണ്ടില്ലെന്ന് വേണം കരുതാൻ. ശബരിമല സ്വർണക്കൊള്ള മറയ്ക്കാനായി എൽഡിഎഫ്, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പരമാവധി പറഞ്ഞ് നോക്കിയെങ്കിലും അതും ഏശിയില്ല.

പത്തനംതിട്ട കോട്ടയം, എറണാകുളം, മലപ്പുറം, തൃശൂര്‍ പോലുള്ള സ്വാധീന മേഖലകളില്‍ യുഡിഎഫിന്‍റെ സമഗ്രാധിപത്യം. കൊല്ലം കോഴിക്കോട് കണ്ണൂര്‍ പാലക്കാട് പോലുള്ള എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വ്യക്തമായ കടന്നുകയറ്റം. സംസ്ഥാനത്താകെ യുഡിഎഫിന്‍റെ മേല്‍ക്കൈയാണ് തദ്ദേശപ്പോരില്‍ ദൃശ്യമായത്. സാധാരണ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരുപാട് ഘടകങ്ങള്‍ കടന്നുവരുമെങ്കിലും ഇത്തവണ വിധി നിര്‍ണയിച്ചത് അടിമുടി രാഷ്ട്രീയ വോട്ടുകളാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ പോലെ തന്നെ അതിശക്തമായ സര്‍ക്കാര്‍ വിരുദ്ധ, സിപിഎം വിരുദ്ധ നിലപാടിലായിരുന്നു വോട്ടര്‍മാര്‍. തുടര്‍ഭരണം ഉണ്ടാക്കിയ അഹങ്കാരം മുതല്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏകപക്ഷീയ നടപടികള്‍ വരെ ജനങ്ങളെ വെറുപ്പിച്ചു. ശബരിമല സ്വര്‍ണക്കൊള്ള വാര്‍ത്തകളും സംഭവങ്ങളും ആഘാതം ഇരട്ടിയാക്കി. മുഖ്യമന്ത്രിയോടും സിപിഎം നേതൃത്വത്തോടും ഏറ്റവും അടുപ്പമുള്ള രണ്ട് മുന്‍ ദേവസ്വം അധ്യക്ഷന്‍മാര്‍ ജയിലിലായത് സിപിഎമ്മിനെ തിരിഞ്ഞ് കുത്തി. പത്മകുമാറിനെതിരെ ചെറിയൊരു നടപടിയെടുക്കാത്തത് പോലും ജനരോഷം ഇരട്ടിപ്പിച്ചു. ഇത് മറയ്കാനായി രാഹുല്‍ മാങ്കൂട്ടം വിഷയം പരമാവധി പ്രചരിപ്പിച്ചെങ്കിലും ഏശിയില്ല. തുടക്കത്തില്‍ തന്നെ രാഹുലിനെ തള്ളിപറഞ്ഞ് കോണ്‍ഗ്രസ് സ്കോര്‍ ചെയ്തു.

1600ല്‍ നിന്ന് ക്ഷേമപെന്‍ഷന്‍ 2000 ആക്കിയതും നിരവധി ക്ഷേമപ്രഖ്യാപനങ്ങള്‍ നടത്തിയതും കാര്യമായി സ്വാധീനിച്ചില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യയെന്ന പ്രതിപക്ഷാരോപണം ശക്തമായിരുന്നു. അതിദാരിദ്യ നിര്‍മാര്‍ജന പ്രഖ്യാപനത്തിനെതിരെ വിവാദമുണ്ടായപ്പോള്‍ വേണ്ടപോലെ പ്രതിരോധിക്കാനും സിപിഎമ്മിനായില്ല. ഇതിനിടെ പിഎം ശ്രീ വിവാദവും ആശാസമരവും സിപിഎമ്മിന്‍റെ വിശ്വാസീയതയും രാഷ്ട്രീയ കൂറിനേയും ചോദ്യം ചെയ്യുന്നതായി. എല്ലാം കൂടിയായപ്പോള്‍ എല്‍ഡിഎഫിന് ഞെട്ടിക്കുനന തോല്‍വിയും യുഡിഎഫിന് അവിശ്വസനീയ വിജയവും ബിജെപിക്ക് അഭിമാനിക്കാനാകുന്ന നേട്ടവും സാധ്യമായി.

YouTube video player