Asianet News MalayalamAsianet News Malayalam

ഇന്ധന സെസ് ഒരു രൂപയായി കുറച്ചേക്കും, അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിക്കുമെന്ന് സൂചന

സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നു. 

ldf government may reexamine fuel cess hike due to protests apn
Author
First Published Feb 5, 2023, 1:34 PM IST

തിരുവനന്തപുരം : ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നു. 

നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏ‌ർപ്പെടുത്തിയ ഇന്ധന സെസിനെ പർവ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. വേറെ വഴിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോഴും സെസ് കുറക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന നിലയിലേക്കാണ് എൽഡിഎഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്. 

സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്ന നിലക്കും അഭിപ്രായമുണ്ട്. നാളെയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചർച്ചക്ക് ശേഷം ബുധനാഴ്ഛ മറുപടി പ്രസംഗത്തിൽ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് ധനവകുപ്പ് വിശദീകരണം. 

ജനരോഷത്താൽ സെസിൽ പിന്നോട്ട് പോകുമ്പോഴും സമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിച്ചിൽ കുറവ് വരുന്ന പണം എങ്ങിനെ കണ്ടെത്തുമെന്ന പ്രശ്നം കൂടിയുണ്ട്. ഇനി പുതിയ നികുതിയൊന്നും ഒരു മേഖലയിലും ചുമത്താനുമില്ല. സെസിലെ പിന്നോട്ട് പോകലിനൊപ്പം സാമ്പത്തിക പ്രതിസന്ധി ഉയർത്തി കേന്ദ്രത്തിനെതിരായ കൂടുതൽ ശക്തമായ രാഷ്ട്രീയ സമരം നടത്താനും ഇടത് മുന്നണി ആലോചിക്കുന്നു. 

അതേ സമയം ബജറ്റ് പ്രഖ്യാപനം തീരും മുമ്പെ തുടങ്ങിയ പ്രതിഷേധം ഫലം കാണുന്നുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പൊതുജനം സർക്കാറിനെതിരെ തിരഞ്ഞെന്ന് കരുതുന്ന പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കാനാണ് ഒരുങ്ങുന്നത്. നാളെ നിയമസഭാ മന്ദിരത്തിൽ പ്രതിപക്ഷനേതാവിൻറെ മുറിയിൽ മുന്നണി യോഗം ചേർന്ന് സഭക്ക് അകത്തും പുറത്തും സംസ്ഥാന സർക്കാറിനെതിരായ സമരപരിപാടികൾക്ക് രൂപം നൽകും. 

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല; ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്


 

Follow Us:
Download App:
  • android
  • ios