കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തിയെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാമതെത്തിയതും സംരംഭക വർഷം പദ്ധതിയിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും പ്രധാന നേട്ടങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ 10 വ‍ഷത്തെ വികസന കുതിപ്പ് ഉയർത്തിക്കാട്ടി എൽഡിഎഫ്. വ്യവസായ മേഖലയിൽ കേന്ദ്ര സർക്കാരിന്റേതടക്കം ബഹുമതികളും അംഗീകാരങ്ങളും നേടിയ 10 വർഷമാണ് കടന്നു പോയതെന്നും കേന്ദ്രസര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്കാരങ്ങളുടെ റാങ്കിംഗില്‍ വന്‍ മുന്നേറ്റമാണ് കേരളം ഉണ്ടാക്കിയതെന്നും എൽഡിഎഫ് അവകാശപ്പെട്ടു.

2021ലെ 28-ാം സ്ഥാനത്തുനിന്ന് 2024ല്‍ ഒന്നാമതെത്താന്‍ കേരളത്തിനു കഴിഞ്ഞുവെന്ന് ഇടത് പക്ഷ മുന്നണി അവകാശപ്പെട്ടു. ആഗോള ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റില്‍ ലഭിച്ച നിക്ഷേപവാഗ്ദാനങ്ങളില്‍ 54908 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞുവെന്നും എൽഡിഎഫ് അവകാശപ്പെടുന്നു.

വ്യവസായത്തിന് ഭൂമി നല്‍കുന്നതിനുള്ള പാട്ടവ്യവസ്ഥകളിലും പ്രീമിയത്തിലുമെല്ലാം ഉദാര പരിഷ്കാരങ്ങൾ വരുത്തി. ഏകജാലക ക്ലിയറന്‍സിനായി കെ-സ്വിഫ്റ്റ് വിപുലീകരിച്ച് എല്ലാ അനുമതികളും ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാക്കി. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നാലു വര്‍ഷംകൊണ്ട് നാലു ലക്ഷത്തിലധികം സംരംഭങ്ങളും 27000 കോടിയിലധികം രൂപയുടെ നിക്ഷേപവും കൊണ്ടുവന്നതായും ഒന്‍പതു ലക്ഷത്തോളം പേര്‍ക്ക് തൊഴിൽ ലഭ്യമാക്കിയതായും എൽഡിഎഫ് അവകാശപ്പെടുന്നു. 5 വർഷം കൊണ്ട് ചെറുകിട വ്യവസായങ്ങളിലൂടെ വരുമാനം കണ്ടെത്താന്‍ 3281 കുടുംബങ്ങൾക്കും വീട്ടമ്മമാർക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയെന്നാണ് സർക്കാർ പറയുന്നത്.

പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട് സിറ്റി യാഥാർത്ഥ്യമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 1400 കോടിയിലധികം രൂപ ചെലവഴിച്ച് 1400 ഏക്കറോളം ഭൂമിയാണ് വ്യവസായ വകുപ്പ് ഏറ്റെടുത്തത്. ഇവിടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടിസ്ഥാന സൗകര്യ വികസനം ആരംഭിച്ചു കഴിഞ്ഞതായി എൽഡിഎഫ് ഉയർത്തിക്കാണിക്കുന്നു.

51 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയെന്നും അവയില്‍ 10 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞുവെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. പെരുമ്പാവൂരില്‍ ട്രാവന്‍കൂര്‍ റയോണ്‍സില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയില്‍ കെയ്ന്‍സിന്റെ യൂണിറ്റ് ആരംഭിച്ചതാണ് സർക്കാർ എടുത്തു പറയുന്ന നേട്ടം. കിന്‍ഫ്രയിൽ ഇതുവരെ സൃഷ്ടിച്ച ആകെ നിക്ഷേപത്തിന്റെ 60 ശതമാനവും ആകെ തൊഴിലവസരങ്ങളുടെ 60 ശതമാനവും കഴിഞ്ഞ പത്തു വര്‍ഷക്കാലയളവില്‍ നേടിയതാണെന്നാണ് സർക്കാരിന്റെ അവകാശവാദം.