നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് കനത്ത പരാജയം നേരിട്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ സീറ്റുകൾ കുറഞ്ഞപ്പോഴും വോട്ട് വിഹിതത്തിൽ മുന്നിലെത്തി. ജില്ലയിൽ 13 എംഎൽഎമാരുണ്ടായിരുന്നത് അഞ്ചായി ചുരുങ്ങിയെങ്കിലും കഴിഞ്ഞ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും വോട്ട് വിഹിതം വർധിപ്പിക്കാൻ മുന്നണിക്ക് സാധിച്ചു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പരാജയമാണ് എൽഡിഎഫ് നേരിട്ടത്. എൽഡിഎഫ് 35 സീറ്റും യുഡിഎഫ് 102 സീറ്റും എൻഡിഎ 3 സീറ്റുമാണ് നേടിയത്. തിരുവനന്തപുരം ജില്ലയിൽ 5 മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് 7 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചു. കേരളമാകെ യു‍ഡിഎഫ് തരം​ഗത്തിനൊപ്പം നിന്നപ്പോഴും എൽഡിഎഫ് തിരുവനന്തപുരത്ത് കാര്യമായ ഇളക്കം തട്ടാതെ കാത്തുസൂക്ഷിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 13 എംഎൽഎമാരായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ അത് അഞ്ചായി ചുരുങ്ങി. എങ്കിലും വോട്ട് വിഹിതത്തിൽ ജില്ലയിൽ മുന്നിൽ എൽഡിഎഫ് തന്നെയാണ്. ശക്തമായ ത്രികോണ മത്സരമാണ് നേമത്തും കഴക്കൂട്ടത്തും നടന്നത്. രണ്ട് മണ്ഡലങ്ങളിലും അന്തിമ വിധി ബിജെപിക്കൊപ്പമായിരുന്നു. വട്ടിയൂർക്കാവും കാട്ടാക്കടയും യുഡിഎഫിന് ഒപ്പമായിരുന്നു. ഈ നാല് മണ്ഡലങ്ങളും എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റായിരുന്നു.

സിറ്റിങ് സീറ്റായ വർക്കല, ആറ്റിങ്ങൾ, നെടുമങ്ങാട്, അരുവിക്കറ, പാറശാല എന്നീ മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫിന് നിലനിർത്താൻ കഴിഞ്ഞത്. എന്നാൽ ഈ മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞിട്ടുമുണ്ട്. മത്സരിച്ച രണ്ട് മന്ത്രിമാരിൽ നെടുമങ്ങാട് നിന്നും ജിആർ അനിൽ മാത്രമാണ് വിജയിച്ചത്. സിറ്റിങ് എംഎൽഎമാരിൽ ആറ് പേർ പരാജയപ്പെടുകയും ചെയ്തു. വട്ടിയൂർക്കാവ്, ചിറയിൻകീഴ്, കഴക്കൂട്ടം, നെയ്യാറ്റികര എന്നീ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ പരാജയം ഏറ്റുവാങ്ങിയത്.

കണക്കുകൾ ഇങ്ങനെ...

വർക്കലിയൽ എൽഡിഎഫ് 55365 വോട്ടുകളാണ് നേടിയത്. അതേസമയം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് മണ്ഡലത്തിൽനിന്ന് നേടിയ വോട്ടുകളേക്കാൾ കൂടുതലാണിത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 32252 വോട്ടുകളാണ് എൽഡിഎഫ് വർക്കല മണ്ഡലകത്തിൽ നിന്ന് നേടിയത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 45930 വോട്ടുകളുമാണ് നേടിയത്. യുഡിഎഫും മണ്ഡലത്തിൽ വോട്ട് വിഹിതം കൂട്ടിയിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ടുകളേക്കാൽ എൽഡിഎഫ് നേടിയതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് വിഹിതത്തേക്കാൾ കൂടുതലാണ് ലഭിച്ചത്. യുഡിഎഫിനും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ കുറവാണ് തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് ലഭിച്ചത്.

നേമം മണ്ഡലത്തിൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ 52214 വോട്ടുകളാണ് എൽഡിഎഫ് നേടിയത്. ഇത് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച 39767 നേക്കാളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച 33322 വോട്ടുകളേക്കാളും കൂടുതലാണ്. ചിറയിൻകീഴ് മണ്ഡലത്തിലും വോട്ട് വിഹിതം ഉയർത്താൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. ചിറയിൻകീഴ് മണ്ഡലത്തിൽ എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ 55411 വോട്ടുകളാണ് ലഭിച്ചത്. 2025ലെ തദ്ദേശ തെരഞ്ഞെടുിപ്പിൽ എൽഡിഎഫിന് മണ്ഡലത്തിൽനിന്ന് 52040 വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 44874 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. അരുവിക്കരയിലും നെടുമങ്ങാടും പാറശാലയിലും എൽഡിഎഫിൻ്റെ വോട്ട് ശതമാനം കൂടിയിട്ടുണ്ട്.

വാനപുരം മണ്ഡലത്തിലും വോട്ട് വിഹിതം ഉയർത്താൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 61405 വോട്ടുകളായിരുന്നു മണ്ഡലത്തിൽനിന്ന് എൽഡിഎഫ് നേടിയത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 57599 വോട്ടുകളായിരുന്നു മണ്ഡലത്തിൽനിന്നും ലഭിച്ചത്. 2024ലെ ലോക്സഭ തെരഞ്ഞടുപ്പിൽ 45617 വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് ലഭിച്ചിരുന്നത്. ഈ വോട്ടുകളിൽ മുന്നേറ്റം ഉണ്ടാക്കാൻ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.

കാട്ടാക്കട മണ്ഡലത്തിൽ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്ന് കിട്ടിയ വോട്ടുകളേക്കാൾ കുറവ് വോട്ടുകളാണ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ‌ എൽ‍ഡിഎഫിന് ലഭിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ‌ 56236 വോട്ടുകൾ എൽഡിഎഫ് നേടിയിരുന്നു. എന്നാൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ 49710 വോട്ടുകൾ നേടാൻ മാത്രമേ എൽഡിഎഫിന് സാധിച്ചിരുന്നുള്ളൂ. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 41716 വോട്ടുകളായിരുന്നു കാട്ടാക്കട മണ്ഡലത്തിൽനിന്ന് എൽഡിഎഫിന് ലഭിച്ചിരുന്നത്.

കഴക്കൂട്ടം മണ്ഡലത്തിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാളും തദ്ദേശ തെര‍ഞ്ഞെടുപ്പിനേക്കാളും വോട്ട് നേടാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ 46136 വോട്ടുകളാണ് എൽഡിഎഫ് നേടിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 41981 വോട്ടുകളാമ് എൽഡിഎഫിന് മണ്ഡലത്തിൽനിന്ന് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ 34382ഉം. കോവളം മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ച വോട്ടിനേക്കാൾ കുറവ് വോട്ടുകൾ മാത്രമാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ ഇത് 2024ലെ ലോക്സഭ തെര‍ഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാൾ അധികമാണ്.

വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലും വോട്ട് വിഹിതം വർധിപ്പിക്കാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പിൽ 42913 വോട്ടുകളായിരുന്നു എൽ‌ഡിഎഫിന് ലഭിച്ചത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 35554 വോട്ടുകൾ മാത്രമായിരുന്നു മണ്ഡലത്തിൽനിന്ന് എൽഡിഎഫിന് ലഭിച്ചിരുന്നത്. 2024ലെ ലോക്സഭ തെര‍ഞ്ഞെടുപ്പിൽ 28336 വോട്ടുകൾ വോട്ടുകളായിരുന്നു എൽഡിഎഫിന് പിടിക്കാനായിരുന്നത്. നെയ്യാറ്റിൻകര മണ്ഡലത്തിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് എൽഡിഎഫിന് ലഭിച്ച വോട്ടുകളേക്കാൾ കൂടുതൽ നേടാൻ സാധിച്ചിട്ടുണ്ട്.