കൊച്ചി: കണ്ണൂര്‍ കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിനിടെ കൊച്ചിയിലും അവിശ്വാസ പ്രമേയ നീക്കം. മേയര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം ശക്തമാക്കി. 34 പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് നാളെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

യുഡിഎഫ്‌ മേയർ സൗമിനി ജെയിന് എതിരെ ആണ് ഇടത് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. കോർപ്പറേഷനിൽ ഭരണ സ്തംഭനം ആണെന്ന ആരോപണമുയര്‍ത്തിയാണ് ഇടത് പക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. 72 അംഗങ്ങൾ ഉള്ള കൗൺസിലിൽ ഭരണ കക്ഷിക്ക് 38 അംഗങ്ങളുടെ പിന്തുണ ഉണ്ട്.

അതേസമയം കണ്ണൂരില്‍ കണ്ണൂർ കോർപ്പറേഷനിലെ ഭരണം തിരിച്ചുപിടിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ ഫലം കാണുമോയെന്നറിയാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. ഡെപ്യൂട്ടി മേയ‌ര്‍ക്കെതിരെ ഇടത് മുന്നണി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൽ അടുത്ത മാസം രണ്ടാം തിയതിയാണ് വോട്ടെടുപ്പ് നടക്കുക. കണ്ണൂരില്‍ മേയർ തെരഞ്ഞെടുപ്പ് സെപ്തംബർ നാലിനാണ് നടക്കുക.