Asianet News MalayalamAsianet News Malayalam

'ഇത് ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടം, സംസ്ഥാനത്ത് അസാധാരണ സാഹചര്യം'; ഗവർണർക്കെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച്

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. പ്രതിഷേധം വ്യക്തിപരമല്ലെന്നും നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നതെന്നും യെച്ചൂരി വിശദീകരിച്ചു.

ldf raj bhavan march against governor arif mohammed khan
Author
First Published Nov 15, 2022, 11:40 AM IST

തിരുവനന്തപുരം : കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻ ജനാവലിയെ അണിനിരത്തി രാജ്ഭവനിലേക്ക് എൽഡിഎഫ് മാർച്ച്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിനും ആർഎസ്എസിനും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച യെച്ചൂരി, ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടമാണെന്നും വിശദീകരിച്ചു. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. 

'പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. പ്രതിഷേധം വ്യക്തിപരമല്ലെന്നും ഗവർണരുടേയും കേന്ദ്രത്തിന്റെയും നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഗവർണർ ചാൻസിലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങൾ പ്രകാരമാണ് ഗവർണർക്ക് ചാൻസിലർ പദവികൂടി ലഭിച്ചത്. സംസ്ഥാന നിയമമാണ് പ്രധാനം. നിർഭാഗ്യവശാൽ ചില കോടതി വിധികൾ സംസ്ഥാന നിയമങ്ങൾക്ക് എതിരെയുണ്ടായി. യുജിസി മാർഗ്ഗ നിർദേശങ്ങളാണ് പ്രധാനമെന്ന് കേന്ദ്രം പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു. 

വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഇന്നത്തെ പ്രതിഷേധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രഖ്യാപിച്ചു. എൽഡിഎഫ് സമരം പ്രഖ്യാപിച്ചപ്പോൾ ഗവർണർ വെല്ലുവിളി നടത്തി. വിസിമാരെ നിയമിച്ചത് ഗവർണറാണ്. മൂന്നു പേരുടെ പട്ടിക വേണമായിരുന്നുവെങ്കിൽ ഗവർണർ ആവശ്യപ്പെടണമായിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

ഗവർണർ കോടതിയാകേണ്ടെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തുറന്നടിച്ചു. കേരള സർവ്വകലാശാലയുടെ ആദ്യ ചാൻസ്ലർ രാജാവ് ആയിരുന്നു. ഇപ്പോൾ ഗവർണർ ഞാനാണ് മഹാരാജാവെന്ന് കരുതുകയാണെന്നും കാനം പരിഹസിച്ചു.  

സർക്കാർ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ഗവർണർക്ക് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ രാജ് ഭവനിലേക്ക് മാർച്ച് നടത്തിയത്. തലസ്ഥാനത്തെ മാനവീയം വീഥി, നന്ദാവനം ജംഗ്ഷൻ, മ്യൂസിയം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച മാർച്ച് വെള്ളയമ്പലത്ത് വെച്ച് ഒരുമിച്ചാണ് രാജ്ഭവന് മുന്നിൽ സ്ഥാപിച്ച പ്രധാന വേദിയിലേക്ക് എത്തിയത്. ഒരു ലക്ഷം പേരെ അണിനിരത്തിയ മാർച്ചിൽ ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും പങ്കെടുത്തു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. എൽഡിഎഫ് രാജ്ഭവൻ വളയൽ സമരം നടക്കുന്നതിനിടെ ഗവർണർ ദില്ലിയിൽ തുടരുകയാണ്. ഔദ്യോഗികാവശ്യങ്ങൾക്കായി പാറ്റ്നയിൽ പോയ ഗവർണ്ണർ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ദില്ലിയിൽ തിരിച്ചെത്തും. 

 

Follow Us:
Download App:
  • android
  • ios