Asianet News MalayalamAsianet News Malayalam

പൗരത്വ നിയമത്തിനെതിരെ എൽഡിഎഫ് മനുഷ്യ ശൃംഖല നാളെ; എതിരാളികള്‍ക്കും ക്ഷണം,ലക്ഷങ്ങളെ അണിനിരത്താൻ ശ്രമം

പൗരത്വ വിഷയത്തിൽ രാജ്യം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ പ്രതിഷേധമാണ് എൽഡിഎഫ് പദ്ധതിയിടുന്നത്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന മനുഷ്യശൃംഖലയിൽ ഇത്തവണ പ്രതിപക്ഷത്തെ ക്ഷണിച്ചതും ശ്രദ്ധേയമായിരുന്നു. 

ldf rally against citizenship act
Author
Trivandrum, First Published Jan 25, 2020, 6:24 AM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ എൽഡിഎഫ് മനുഷ്യശൃംഖല നാളെ. കേന്ദ്ര സർക്കാരും, ഗവർണ്ണറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കെ സംസ്ഥാനത്തിന്‍റെ ശക്തിപ്രകടനമാണ് എൽഡിഎഫ് പദ്ധതിയിടുന്നത്. ലീഗിൽ നിന്നടക്കം പ്രാദേശിക പ്രവർത്തകരെ ശൃംഖലയിൽ കണ്ണിചേർക്കാനാണ് സിപിഎം ശ്രമം. കാസ‍ർകോട് മുതൽ കളിയിക്കാവിള വരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യ ശൃംഖല കോർക്കാനാണ് എൽഡിഎഫ് ശ്രമം. പൗരത്വ വിഷയത്തിൽ രാജ്യം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ പ്രതിഷേധമാണ് എൽഡിഎഫ് പദ്ധതിയിടുന്നത്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന മനുഷ്യശൃംഖലയിൽ ഇത്തവണ പ്രതിപക്ഷത്തെ ക്ഷണിച്ചതും ശ്രദ്ധേയമായിരുന്നു. 

എന്നാൽ കണ്ണിയാകാനില്ലെന്ന് കോണ്‍ഗ്രസും ലീഗും മറ്റ് യുഡിഎഫ് കക്ഷികളും വ്യക്തമാക്കി കഴിഞ്ഞു. പൗരത്വ വിഷയത്തിലെ പ്രതിഷേധങ്ങളിലും സർക്കാർ നീക്കങ്ങളിലും പിണറായി വിജയൻ താരമായി നിൽക്കുമ്പോൾ എൽഡിഎഫ് കണ്‍വീനർ അവകാശപ്പെടും പോലെ യുഡിഎഫ് ആഭിമുഖ്യമുള്ള ന്യൂനപക്ഷ വിഭാങ്ങൾ പ്രകടമായി എൽഡിഎഫിനൊപ്പം വരുമോ എന്നതാണ് മനുഷ്യ ശൃംഖലയെ ശ്രദ്ധേയമാക്കുന്നത്. നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും,ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. നാലുമണിക്ക് ശൃംഖല കോർക്കും. പൗരത്വ വിഷയത്തിലെ സംയുക്ത പ്രതിഷേധത്തിനും,നിയമസഭാ പ്രമേയത്തിനും പിന്നാലെ മനുഷ്യ ശൃംഖലയിലൂടെ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കേരളം ഉയരുകയാണ്. 

Follow Us:
Download App:
  • android
  • ios