പത്തനംതിട്ട: യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഒരുപോലെ കക്ഷിനിലയുളള പത്തനംതിട്ട നഗരസഭയിൽ ഭരണം എൽഡിഎഫിന്. മൂന്ന് സീറ്റുകളുള്ള എസ്.ഡി.പി.ഐ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് തീരുമാനിച്ചതോടെയാണ് ഭരണം എൽഡിഎഫിന് ലഭിക്കുമെന്ന് ഉറപ്പായത്. ഇരുമുന്നണികളും നേരത്തെ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എൽഡിഫിലെ ടി സക്കീർ ഹുസൈൻ പത്തനംതിട്ട നഗരസഭാ ചെയർമാൻ ആകുമെന്നാണ് വിവരം. രണ്ടു സ്വതന്ത്രരുടേതുൾപ്പെടെ 15 പേരുടെ പിന്തുണയാണ് നിലവിൽ എൽഡിഎഫിനുള്ളത്. 

ആകെ 32 സീറ്റുകളുള്ള നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും 13 സീറ്റുകൾ വീതമാണുള്ളത്. എസ് ഡി പിഐക്ക് മൂന്ന് സീറ്റുകളുള്ളപ്പോൾ മൂന്ന് സ്വതന്ത്രരും ഉണ്ട്. ഇതിലൊരാൾ എസ് ഡി പിഐ പിന്തുണയോടെയാണ് ജയിച്ചത്. ഇവരുടെ പിന്തുണ നേരിട്ട് ലഭിക്കുകയാണെങ്കിൽ എസ് ഡിപിഐ പിന്തുണ എൽഡിഎഫ് നേടിയെന്ന ആക്ഷേപം ഉയരുമെന്നുറപ്പാണ്. ഇക്കാര്യത്തിൽ ഇന്ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷമേ വ്യക്തത വരികയുള്ളു.