നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവലിനെ പിടികൂടിയത് പാലാരിവട്ടം പൊലീസ്
കൊച്ചി: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ (32) ആണ് അറസ്റ്റിലായത്. ആറ് മാസത്തിനിടെ ഇയാൾ കൊച്ചിയിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎ ആണ്. ബെംഗളൂരുവിൽ താമസിച്ച് ലഹരി മരുന്ന് നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടം പൊലീസാണ് ബെംഗളൂരുവിലെത്തി ഇയാളെ പിടികൂടിയത്.
ജൂലൈ മാസത്തിൽ എറണാകുളത്ത് നടന്ന ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജൂലൈ 120ന് 102.4 ഗ്രാം എംഡിഎംഎയുമായി ഹാറൂൺ സുൽത്താൻ എന്നയാളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവര പ്രകാരം അലിൻ ജോസഫ്,നിജു പീറ്റർ, അലൻ ടോണി എന്നിവരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരി മരുന്ന് എത്തിക്കുന്ന കണ്ണികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്നാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ആന്റണി വാൾട്ടർ ഫെർണാണ്ടസ് എന്ന വ്യക്തിയെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്നാണ് നൈജീരിയൻ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. 6 മാസത്തിനിടെ കേരളത്തിലേക്ക് 4.5 കിലോ എംഡിഎംഎ ആണ് പ്രതികൾ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പാലാരിവട്ടം പൊലീസ് അറിയിച്ചു.
കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ; 6 മാസത്തിനിടെ എത്തിച്ചത് നാലര കിലോ എംഡിഎംഎ
വാളയാറിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. മലപ്പുറം ആലങ്കോട് കോക്കൂർ സ്വദേശി, വിഷ്ണുവാണ് ലഹരി മരുന്നുമായി പിടിയിലായത്. 1.8 കിലോ ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയിൽ.
