കണ്ണൂർ: മട്ടന്നൂർ ശുഹൈബ് വധക്കേസ് പ്രതികളിലൊരാളുടെ സഹോദരിക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ജോലി നൽകിയതിനെച്ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ വിവാദവും നടപടിയും. യുവതിക്ക് നിയമനത്തിനായി വഴിവിട്ട് ഇടപെട്ടെന്ന് കാട്ടി മുൻ മണ്ഡലം പ്രസിഡന്റിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.  

ചുമതലയോ അധികാരമോ ഇല്ലാതിരിക്കെ മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്നയാൾക്ക് വേണ്ടി വ്യാജ ശുപാർശക്കത്ത് നൽകിയെന്ന് കണ്ടെത്തിയാണ് ചാക്കോ തൈക്കുന്നിലിനെതിരായ ഡിസിസി പ്രസിഡന്റിന്റെ നടപടി. ശുപാർശയുടെ അടിസ്ഥാനത്തിൽ ജനുവരി 26ന് ആശുപത്രിയിൽ നഴ്സായി താൽക്കാലിക നിയമനം നേടിയ യുവതി സംഭവം പാർട്ടിയിൽ വിവാദമായതോടെ ഈ മാസം 18ന് ശമ്പളം പോലും വാങ്ങാതെ രാജിവെച്ചുവെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.  

യോഗ്യതയും മുൻപരിചയും ഉണ്ടെന്ന് കണ്ടതിനാലും ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ്  പെട്ടെന്ന് നിയമനം നടത്തിയതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. സഹോദരിക്ക് ജോലി നൽകി ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നിരുന്നു.