2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷറഫ് 32,302 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വീണ്ടും പരാജയപ്പെട്ടപ്പോൾ സിപിഎം സ്ഥാനാർത്ഥി കെ ആർ ജയാനന്ദ മൂന്നാം സ്ഥാനത്തായി.

മഞ്ചേശ്വരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷറഫിന് 32,302 വോട്ടിന്‍റെ വിജയം. ബിജെപി സ്ഥാനാര്‍ഥിയും നാലാം തവണയും മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രനെ (59,169 വോട്ട്) ഇത്തവണയും മണ്ഡലം കൈവിട്ടു. സിപിഎം സ്ഥാനാർത്ഥിയായ കെ ആ‍ർ ജയാനന്ദയ്ക്ക് 18,834 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇത്തവണയെങ്കിലും മഞ്ചേശ്വരം സ്വന്തമാക്കണമെന്ന കെ സുരേന്ദ്രൻറെ സ്വപ്നങ്ങൾക്ക് ഇതോടെ തിരശ്ശീല വീണു. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന സുരേന്ദ്രന്‍റെ പതിവ് ഇത്തവണയും തെറ്റിയില്ല.

Add Asianetnews as a Preferred SourcegooglePreferred

കാസർകോടിന്‍റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ചേശ്വരം നിയോജക മണ്ഡലം വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ, പുത്തിഗെ, കുമ്പള, മംഗൽപാടി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്. കേരള രാഷ്ട്രീയത്തിൽ എക്കാലവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് കൂടിയാണ് മഞ്ചേശ്വരം. കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്ന വോട്ടർമാർക്ക് വലിയ സ്വാധീനമുള്ള ഇവിടെ ബിജെപിയും മുസ്ലീം ലീഗും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് പതിറ്റാണ്ടുകളായി നടക്കുന്നത്. 2006 -ൽ എൽഡിഎഫ് അട്ടിമറി നടത്തിയതൊഴിച്ചാൽ 1987 മുതൽ യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണ് മഞ്ചേശ്വരം.

2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയ പോരാട്ടങ്ങളിലൊന്നായിരുന്നു മഞ്ചേശ്വരത്തേത്. യുഡിഎഫ് സ്ഥാനാർഥി എ കെ എം അഷ്റഫ് വെറും 745 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ച് കയറിയത്. എ കെ എം അഷ്റഫ് 65,758 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ 65,013 വോട്ടുകൾ നേടി. 2011 മുതൽ ബിജെപി ശക്തമായ സാന്നിധ്യമായി തുടരുന്ന മണ്ഡലത്തിൽ 2016 -ൽ വെറും 89 വോട്ടുകൾക്കായിരുന്നു ലീഗ് വിജയിച്ചത്.

ഇത്തവണ മഞ്ചേശ്വരം വീണ്ടും ഒരു 'ഹോട്ട് സീറ്റ്' ആയി മാറിയത് ദേശീയ ശ്രദ്ധയാകർഷിച്ചു. സിറ്റിംഗ് എംഎൽഎ എ കെ എം അഷ്റഫ് യുഡിഎഫിനായി കോട്ട കാക്കാൻ ഇറങ്ങിയപ്പോൾ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കൽക്കൂടി എൻഡിഎയ്ക്കായി പോരിനിറങ്ങി. എൽഡിഎഫിനായി കെ ആർ ജയാനന്ദയാണ് മത്സരരംഗത്തുണ്ടായിരുന്നത്. കള്ളവോട്ട് ആരോപണങ്ങളും ഭാഷാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണവും വികസന മുരടിപ്പും ചർച്ചയായ തെരഞ്ഞെടുപ്പിൽ, മഞ്ചേശ്വരത്തെ വോട്ടർമാർ ആർക്കൊപ്പം നിന്നുവെന്ന ചോദ്യത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.