താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മറ്റിക്ക് 25000 രൂപയാണ് മുസ്ലിംലീഗ് നേതാവ് കെ എൻ മുത്തുക്കോയ തങ്ങള്‍ വാഗ്ദാനം ചെയ്തത്

മലപ്പുറം: താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മറ്റിക്ക് 25000 രൂപയാണ് മുസ്ലിംലീഗ് നേതാവ് കെ എൻ മുത്തുക്കോയ തങ്ങള്‍ വാഗ്ദാനം ചെയ്തത്. ലീഡ് നേടികൊടുക്കുന്നതിൽ രണ്ടാം സ്ഥാനം നേടുന്ന ബൂത്ത് കമ്മിറ്റിക്ക് 15,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 10,000 രൂപയുമാണ് വാഗ്ദാനം. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് തുക നൽകുകയെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പ്രവർത്തകർക്ക് പ്രോത്സാഹനം എന്ന രീതിയിലാണ് പ്രഖ്യാപനമെന്നും സംഘടനയ്ക്കകത്ത് സംസാരിച്ച കാര്യമാണെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വാഗ്ദാനം വോട്ടർമാർക്ക് അല്ലെന്നും ബൂത്ത് കമ്മിറ്റിക്ക് ആണെന്നും പൊതുവേദിയിൽ നടത്തിയ പ്രഖ്യാപനവും അല്ലെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രഖ്യാപനത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു.

തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സിപി ബാവ ഹാജിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവയുടെ ലംഘനം നടത്തിയെന്നാണ് എഫ്ഐആര്‍. തവനൂർ യുഡിഎഫ് സ്ഥാനാർഥി വിഎസ്‌ ജോയിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിക്കുന്ന മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ക്കാണ് വിദേശ യാത്ര വാഗ്ദാനം ചെയ്തത്.

ഭാരവാഹികൾക്ക് പതിനഞ്ച് ദിവസത്തെ വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തതിരുന്നത്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ബൂത്ത് കമ്മിറ്റി ടാർഗറ്റ് പൂർത്തീകരിച്ചാൽ ഓഫർ നൽകുമെന്നും പാർട്ടി പ്രവർത്തകർ മാത്രം പങ്കെടുത്ത സമ്മേളനമാണെന്നുമായിരുന്നു ബാവ ഹാജി പ്രതികരിച്ചത്. പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന രീതിയിലാണ് പ്രഖ്യാപനം നടത്തിയത്.ഇതിൽ സ്ഥാനാർത്ഥിക്കോ യുഡിഎഫിനോ ഒരു ഉത്തരവാദിത്വവുമില്ല ബാവ ഹാജി വ്യക്തമാക്കിയിരുന്നു.

YouTube video player