കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള സംവാദത്തിന് കളമൊരുങ്ങുന്നു. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോൾ, സ്ഥലവും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീശൻ മറുപടി നൽകി. പറയുന്ന സ്ഥലത്ത് എത്താമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടേറ്റി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദത്തിന് സാധ്യതയേറുന്നു. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്നാണ് പ്രതിപക്ഷ നേതാവ് ഒടുവിൽ പറഞ്ഞത്. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ വ്യക്തമാക്കി.
സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രംഗത്ത് വന്നിരുന്നു. എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നിയമസഭയിൽ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് അറിയാം. എന്നാൽ, എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയത്? കേരളത്തിന്‍റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ ശബ്ദം ഉയര്‍ത്തിയോ? ഇക്കാര്യങ്ങള്‍ക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നാണ് സതീശന്‍റെ അവകാശവാദം. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താൻ തയാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.


