Asianet News MalayalamAsianet News Malayalam

മഴ കനക്കുന്നു; തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കണക്കിലെടുത്ത് തൃശൂരിലും പത്തനംതിട്ടയിലും നാളെ ഉച്ചക്ക് ശേഷം സ്കൂളുകൾക്കും അംഗനവാടികൾക്കും അവധിയാണ്.

leave declared for schools and colleges in trivandrum due to heavy rain
Author
Thiruvananthapuram, First Published Oct 20, 2019, 10:32 PM IST

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ കാലവർഷം ജില്ലയിൽ അതി ശക്തമായി തുടരുന്നതിനാലും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. 

കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാമിലെ ജല നിരപ്പ് ഉയർന്നു. ഇപ്പോൾ ജലനിരപ്പ് 83.45 മീറ്റർ ആണ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്. നാലിഞ്ച്‌ ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്കിനെ തുടർന്നു ആറിഞ്ചായി ഉയർത്തി. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എങ്കിലും നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതിനെ തുടർന്ന്. തിരുവനന്തപുരത്തിന് പുറമേ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ്  ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുകയാണ്. വ്യാഴാഴ്ചയോടെ ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും.

ബംഗാള്‍  ഉള്‍ക്കടലില്‍ മറ്റന്നാള്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ട്. ഇത് ആന്ധ്ര തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ്  സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.  മഴ കണക്കിലെടുത്ത്  തൃശൂരിലും പത്തനംതിട്ടയിലും നാളെ ഉച്ചക്ക് ശേഷം സ്കൂളുകൾക്കും അംഗനവാടികൾക്കും   അവധി നൽകിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios