Asianet News MalayalamAsianet News Malayalam

നവോത്ഥാന മുന്നേറ്റത്തെ ഇടതുപക്ഷം പരാജയപ്പെടുത്തിയെന്ന് സണ്ണിം എം കപിക്കാട്

ശബരിമല സ്ത്രീപ്രവേശനം വലതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ ജനാധിപത്യ വാദികള്‍ക്കും ഭരണഘടനാ വാഴ്ച്ച ആഗ്രഹിക്കുന്നവര്‍ക്കും സാധ്യതയുള്ളതായിരുന്നു. എന്നാല്‍, ആ സാധ്യത ആരും ഉപയോഗിച്ചില്ല.

left defeat the renaissance movement in kerala: sunny m kapikkad
Author
Kochi, First Published May 27, 2019, 12:06 PM IST

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മന്ത്രി പിണറായി വിജയന്‍റെ നവോത്ഥാന മുന്നേറ്റങ്ങളെ ഇടതുപക്ഷം തന്നെ തോല്‍പ്പിച്ചെന്ന് സാമൂഹിക നിരീക്ഷകനും ചിന്തകനുമായ സണ്ണി എം കപിക്കാട്. ശബരിമലയിലെ നവോത്ഥാന മുന്നേറ്റം പരാജയപ്പെട്ട പരീക്ഷണമായിരുന്നില്ല. എന്നാല്‍, നവോത്ഥാന മുന്നേറ്റത്തെ ഇടതുപക്ഷം പരാജയപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള കാരണവും നിലപാടിലെ വെള്ളം ചേര്‍ക്കലാണെന്ന് കപിക്കാട് ആരോപിച്ചു.

ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞുവച്ചു. എന്നാല്‍, വനിത മതില്‍ ഒരുക്കുന്നതിലേക്ക് നവോത്ഥാന ചര്‍ച്ചകളെ ഒതുക്കി. ശബരിമല സ്ത്രീപ്രവേശനം വലതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ ജനാധിപത്യ വാദികള്‍ക്കും ഭരണഘടനാ വാഴ്ച്ച ആഗ്രഹിക്കുന്നവര്‍ക്കും സാധ്യതയുള്ളതായിരുന്നു. എന്നാല്‍, ആ സാധ്യത ആരും ഉപയോഗിച്ചില്ല. ശബരിമല പരീക്ഷണം ഇടതുപക്ഷം ഉള്ളില്‍നിന്നു തന്നെ അടച്ചു.

മുഖ്യമന്ത്രിയെ അവര്‍ പരാജയപ്പെടുത്തി. അദ്ദേഹത്തിന്‍റെ ശബ്ദം അവര്‍ അടച്ചു. ഒടുവില്‍ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും ദേവസ്വം മന്ത്രിയുമെല്ലാം മുഖ്യമന്ത്രിയെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ഇടതുപക്ഷ സംഘടനകള്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയങ്ങള്‍ ഏറ്റെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും താല്‍പര്യം കാണിച്ചില്ല. പകരം എന്‍എസ്എസിന്‍റെ കാല്‍ക്കല്‍ വീഴുകയായിരുന്നു.

പ്രത്യേക അജണ്ടയൊന്നും സെറ്റ് ചെയ്യാതെ പഴയ രീതിയില്‍ സിപിഎം നീങ്ങുകയാണെന്നും സണ്ണി എം കപിക്കാട് കുറ്റപ്പെടുത്തി. ശബരിമലയെ തുടര്‍ന്നുണ്ടായ നവോത്ഥാനം തട്ടിപ്പാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios