സർക്കാരിന് തലയുയർത്തിപ്പിടിച്ചു പറയാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ട് അതെല്ലാം അങ്ങനെ തന്നെ പറയും. ജനങ്ങൾ അത് സ്വീകരിക്കും

തൃശ്ശൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തൽ ആണെന്ന് പറയാൻ ഒരു ഭയപ്പാടും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഏത് സർക്കാരിനെക്കാളും വ്യത്യസ്തമായ സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. സർക്കാരിന് തലയുയർത്തിപ്പിടിച്ചു പറയാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്, അതെല്ലാം അങ്ങനെ തന്നെ പറയും. ജനങ്ങൾ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി വി അൻവർ ഒരു സോപ്പു കുമിളയാണ്. അൻവറിനെ പണ്ടേ സിപിഐ തിരിച്ചറിഞ്ഞതാണ്. മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നീതിബോധമുള്ള ഒരു രാഷ്ട്രീയപാർട്ടിക്കും നിരക്കാത്ത ആളാണ് അൻവർ. അൻവറിനെ പോലെയുള്ള ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ഇടതിനോ സ്വീകാര്യമല്ല. ആര്യാടന്‍റെ തഴമ്പ് തനിക്കില്ലെന്ന് ഷൗക്കത്തിന് തന്നെ അറിയാം. ജനങ്ങൾ മാത്രമാണ് നിലമ്പൂരിലെ എൽഡിഎഫിന്‍റെ സമവാക്യം. ജാതിമത സമവാക്യങ്ങൾ അല്ല അവിടെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇഡിയുടെ കരുവന്നൂർ നടപടി അടിമുടി രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കൈക്കൂലിക്കാരും അഴിമതിക്കാരും നിറഞ്ഞ ആളുകളാണ് ഈഡിയിലുള്ളത്. ഏജന്‍റുമാരെ വച്ച് കൊച്ചിയിൽ കൈക്കൂലി വാങ്ങുന്ന ദല്ലാളന്മാരാണ് ഈ ഡി. ബിജെപിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പോറ്റു പട്ടിയാണ് ഈ ഡി. സിപിഎം നേതാക്കളെ പ്രതികളാക്കിയ ഈ ഡിയുടെ നീക്കത്തിനു മുന്നിൽ രാഷ്ട്രീയ ഗൂഢ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.