തീരുമാനമെടുക്കാന്‍ ആവശ്യത്തിന് സമയമെടുക്കാമെന്നും നിയമോപദേശത്തിലുണ്ട്. എന്തുവിലകൊടുത്തും ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപതിജ്ഞ ചെയ്താണ് ഗവർണര്‍ ചുമതലയേറ്റത്.
തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയിൽ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്. ഇതോടെ ബുദ്ധനാഴ്ച തന്നെ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി.
നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതൽ വ്യക്തത തേടാം.
