തിരുവനന്തപുരം: ഒഴിവുകൾ ഉടൻ നികത്തണമെന്ന് വിവിധ  വകുപ്പുകളോട് നിർദ്ദേശിക്കാൻ നിയമസഭാസമിതി തീരുമാനിച്ചു. ഡിസംബർ 31ന് കാലാവധി തീരുന്ന റാങ്ക് പട്ടികകളിലെ നിയമനം വേഗത്തിലാക്കാനും യുവജനക്ഷേമങ്ങൾക്കുള്ള നിയമസഭാസമിതി തീരുമാനിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പണികിട്ടിയവർ വാർത്താ പരമ്പരക്ക് പിന്നാലെയാണ് തീരുമാനം.

വിവിധ വകുപ്പുകൾ ഒഴിവുകൾ കൃത്യാമായി റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ടി വി രാജേഷ് അധ്യക്ഷനായ യുവജനക്ഷേമ നിയമസഭാ സമിതിയുടെ തീരുമാനം. റിപ്പോർട്ട് ചെയ്യാത്ത വകുപ്പുകളോട് വേഗം ഒഴിവുകൾ അറിയിക്കാൻ ആവശ്യപ്പെടും. പുതിയ തസ്തികകൾ സ‍ൃഷ്ടിക്കാനുള്ള നിർ‍ദ്ദേശങ്ങൾ വേഗം നടപ്പാക്കണമെന്നാവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട് സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനും നിർദ്ദേശിക്കും. 

ഓൺലൈൻ വഴി നടന്ന സിറ്റിംഗിലേക്ക് പലരേയും ഒഴിവാക്കിയെന്ന് പി എസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആരോപിച്ചിരുന്നു. എന്നാൽ എല്ലാ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെയും വിളിക്കാൻ ശ്രമിച്ചതായി ടി വി രാജേഷ് പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ 15നും 21നും വീണ്ടും സിറ്റിംഗ് നടത്തും. ഇതിനിടെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമന പ്രക്രിയയിലെ ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ പിഎസ്‍സിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. പ്രത്യേസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാശ്യപ്പെട്ട്  ഉദ്യോഗാർത്ഥികളാണ് കോടതിയെ സമീപിച്ചത്.