തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു.
പാലക്കാട്: രാഹുൽ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു. തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുന്നു എന്നാണ് യുഡിഎഫ് വോട്ടർമാരോട് പറയുന്നത്. പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നൽകാത്ത ഒരു സ്ഥാനാർഥിയെ ആണ് യുഡിഎഫ് കൊണ്ടു നടക്കുന്നത്.
വോട്ടർമാർ വഞ്ചിക്കപ്പെടരുതെന്നും കോൺഗ്രസ് നന്നായി കാണാൻ ആഗ്രഹിക്കുന്ന ചിലർ പാർട്ടിക്കകത്തുണ്ടെന്നും സരിൻ ചൂണ്ടിക്കാട്ടി. ആ ചിന്താഗതിയുടെ ഭാഗമായാണ് മുരളീധരനെ പിന്തുണക്കുന്ന ഡിസിസിയുടെ കത്ത് പുറത്തു വന്നത്. കോൺഗ്രസിനു നല്ലത് മാത്രം സംഭവിക്കട്ടെ. പ്രതിപക്ഷ നേതാവിന് അദ്ദേഹത്തിന്റെ കാര്യത്തിലല്ലാതെ മറ്റൊന്നിലും കാര്യമില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം വൈകാതെ ഉണ്ടാകുമെന്നും സരിൻ വ്യക്തമാക്കി.
അതേ സമയം, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പി സരിൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ദിവ്യയുടെ കേസിൽ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചു മുന്നോട്ട് പോകും. ആ വിഷയത്തില്‍ മറ്റ് കാര്യങ്ങള്‍ പറയാനില്ലെന്നും സരിന്‍ വ്യക്തമാക്കി.

