Asianet News MalayalamAsianet News Malayalam

ലൈഫ് ഫ്ലാറ്റ്: നിർമാണം തീരാറായത് 4ഇടത്ത് മാത്രം,വിലക്കയറ്റവും ധനവകുപ്പിന്‍റെ കടുംപിടിത്തവും തിരിച്ചടി

മറ്റ് 25 ഇടങ്ങളിലും ഒരു വർഷത്തോളമായി നിർമ്മാണം സ്തംഭനാവസ്ഥയിലാണ്. നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തെ തുടർന്ന് കരാറിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിക്കാത്തതും ബില്ലുകൾ മാറുന്നതിൽ ധനവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണവും തിരിച്ചടിയായി. 

Life Flat: Only 4 places are nearing completion
Author
First Published Nov 22, 2022, 6:29 AM IST


കോഴിക്കോട് : ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 37 ഇടത്ത് ഫ്ലാറ്റുകൾ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണം അവസാന ഘട്ടത്തിലെത്തിയത് നാലിടത്ത് മാത്രം. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് പദ്ധതി സ്വർണ്ണക്കടത്ത് വിവാദത്തിൽ മുങ്ങിപ്പോയപ്പോൾ മറ്റിടങ്ങളിൽ, നിർമാണസാമഗ്രികളുടെ വിലക്കയറ്റവും ധനവകുപ്പിന്‍റെ കടുംപിടുത്തവുമാണ് വില്ലനായത്. ബില്ലുകൾ പാസാക്കുന്നതിൽ മുൻഗണന നൽകണമെന്ന ലൈഫ് മിഷന്‍റെ ആവശ്യം നടപ്പായിട്ടുമില്ല.

 

വിവിധ ജില്ലകളിലായി 36 ഇടങ്ങളിലായിരുന്നു സർക്കാർ ലൈഫ് മിഷനു കീഴിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പ്രഖ്യാപിച്ചത്. ഇതിൽ 29 ഇടത്ത് കരാർ വച്ച് നിർമ്മാണം തുടങ്ങി. ഏഴിടത്ത് ഭൂമി സംബന്ധമായ തർക്കങ്ങളെ തുടർന്ന് കരാർ വയ്ക്കാനായില്ല. വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പ്രീ ഫാബ് ടെക്നോളജി അനുസരിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ആറുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടായിരുന്നു കമ്പനികളുമായി കരാർ ഒപ്പുവെച്ചത്. ആന്ധ്രപ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുളള കമ്പനികളായിരുന്നു ഭൂരിഭാഗം പ്രവർത്തിയും ഏറ്റെടുത്തത്. എന്നാൽ നിർമാണം തുടങ്ങി രണ്ടു വർഷം പിന്നിടുമ്പോൾ നാലിടത്ത് മാത്രമാണ് പ്രവൃത്തി അന്തിമഘട്ടത്തില്‍ എത്തിയത്. കണ്ണൂർ ജില്ലയിലെ കടമ്പൂർ , കൊല്ലം ജില്ലയിലെ പുനലൂർ, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരുമാനൂർ എന്നിവിടങ്ങളിലെ ഫ്ലാറ്റുകള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. 

മറ്റ് 25 ഇടങ്ങളിലും ഒരു വർഷത്തോളമായി നിർമ്മാണം സ്തംഭനാവസ്ഥയിലാണ്. രണ്ടു കാരണങ്ങളാണ് പ്രധാനമായും തടസ്സമായത്. നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തെ തുടർന്ന് കരാറിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം ഒന്ന്. മറ്റൊന്ന് ബില്ലുകൾ മാറുന്നതിൽ ധനവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം. നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ബില്ലുകൾ പാസാക്കുന്നതിൽ മുൻഗണന നൽകണമെന്ന് ലൈഫ് മിഷൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ധനവകുപ്പിൽ നിന്ന് അനുകൂല മറുപടി കിട്ടിയിട്ടില്ല. 

അതേസമയം, സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് മുടങ്ങിപ്പോയ വടക്കാഞ്ചേരിയിലെഫ്ലാറ്റ് നിർമാണം പുനരാരംഭിക്കുന്ന കാര്യത്തിലും പ്രതിസന്ധി തുടരുകയാണ്. കരാർ ഒപ്പുവെച്ചത് യുഎഇ കോൺസുലേറ്റും യൂണിറ്റാക്ക് ബിൽഡേഴ്സും തമ്മിൽ ആയതിനാൽ ഇക്കാര്യത്തിൽ കാര്യമായ റോൾ എടുക്കാനില്ലെന്നാണ് ലൈഫ് മിഷന്‍ വാദം. ചുരുക്കത്തില്‍, മെച്ചപ്പെട്ട സൗകര്യത്തില്‍ അന്തിയുറങ്ങാമെന്ന പ്രതീക്ഷയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളുടെ കാത്തിരിപ്പാണ് അന്തമായി നീളുന്നത്

പ്രഖ്യാപനത്തിലൊതുങ്ങി ഫ്ലാറ്റ് പദ്ധതി; മാവൂരിൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം, ബാക്കിയുള്ളത് ശിലാഫലകം മാത്രം

Follow Us:
Download App:
  • android
  • ios