ബിജെപി പ്രവർത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൻ, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

തൃശൂർ: കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. എട്ട് ബിജെപി പ്രവർത്തകരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തൃശൂർ അഡീഷൻ സെഷൻസ് കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ബിജെപി പ്രവർത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൻ, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എട്ട് പേരും ഓരോ ലക്ഷം രൂപ വീതം പിഴയും നൽകണം. ബിജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നൽകണം.

2010 മെയ് പതിനാറിന് കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ മുന്‍ഭാഗത്തുവച്ച് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനായ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ 6-ാം പ്രതി രവി മരിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് മറ്റുള്ളവരോട് സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതിനിടെ ബിജുവിന്റെയും സുഹൃത്തായ ജിനീഷിന്റെയും അരികിലേക്ക് നാല് ബൈക്കുകളില്‍ പ്രതികളെത്തി. രാഷ്ട്രീയ വിരോധത്താല്‍ വാളും കമ്പിവടിയും ദണ്ഡുകളും ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സമീപത്തുണ്ടായിരുന്നവരെ വാളു വീശി ഭയപ്പെടുത്തിയായിരുന്നു അക്രമണം. തടുക്കാന്‍ ചെന്ന ബിജുവിന്റെ സുഹൃത്ത് ജിനീഷിനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ജിനീഷ് അടക്കം മൊത്തം 24 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകള്‍ ഉള്‍പ്പെടെ 23 തൊണ്ടി മുതലുകളും ഹാജരാക്കി.