കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയിൽ വേഗം വാദം കേൾക്കണമെന്ന സിബിഐ ആവശ്യം ഹൈക്കോടതി തള്ളി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കേസിൽ വേഗത്തിൽ വാദം കേട്ട് തീർപ്പാക്കണമെന്നായിരുന്നു സിബിഐയുടെ പ്രധാന ആവശ്യം. അന്വേണം തുടരാൻ അനുമതി വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. എന്നാൽ എതിര്‍ സത്യവാങ്മൂലം തയ്യാറാക്കാതെ ഹർജിയുമായി എത്തിയതാണ് സിബിഐയ്ക്ക് തിരിച്ചടിയായത്

എതിര്‍ സത്യവാങ്മൂലം എവിടെ എന്ന് കോടതി സിബിഐയോട് ചോദിച്ചു.  എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്‍റെ മറുപടി. സത്യവാങ്മൂലം വിശദപരിശോധനയ്ക്കായി ഡല്‍ഹിയ്ക്ക് അയച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ സമര്‍പ്പിക്കും. വകുപ്പ്തല കാര്യം ആയതിനാൽ ആണ് കാലതാമസം എന്നും സിബിഐ വിശദീകരിച്ചു. എന്നാൽ പിന്നെ എന്തിനാണ് വേഗത്തിൽ ഹർജി പരിഗണിക്കാൻ അപേക്ഷ നൽകിയതെന്നായിരുന്നു കോടതിയുടെ ചോദ്യം. 

കേസിൽ സാങ്കേതികമായ തിരിച്ചടിയാണ് സിബിഐക്ക് കോടതിയിൽ നിന്ന് ഉണ്ടായത്. അന്വേഷണത്തിനുള്ള സ്റ്റേയും നീക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചില്ല.  അതേസമയം എതിർ സത്യവങ്മൂലം നൽകി പുതിയ ഹർജി നൽകാം. അതിനു ശേഷം കേസ് എപ്പോൾ പരിഗണിക്കണം എന്ന് തീരുമാനിക്കാം എന്നും കോടതി പറ‌ഞ്ഞു. ജസ്റ്റിസ് പിവി  കുഞ്ഞികൃഷ്ണൻ  ഓൺലൈൻ വഴിയാണ് ഹര്‍ജി പരിഗണിച്ചത്.   

അതേസമയം സർക്കാരിനെ താറടിച്ചു കാണിക്കാൻ ആണ് സി ബി ഐ ശ്രമം എന്ന് ലൈഫ് മിഷൻ കോടതിയിൽ പറഞ്ഞു. 
 മാധ്യമങ്ങളിൽ നിറഞ്ഞു നിൽകാൻ ആണ് സിബിഐ ഹര്‍ജിയുമായി കോടതിയിലെത്തിയതെന്നും ലൈഫ് മിഷൻ നിലപാടെടുത്തു. 

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന പോരില്‍ താന്‍ ബലിയാടാവുകയാണെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ വാദം. ഒക്ടോബർ 13നായിരുന്നു ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാറിനെതിരായ അന്വേഷണം ജസ്റ്റിസ് വിജി അരുൺ രണ്ട് മാസത്തേക്ക് മരവിപ്പിച്ചത്. യൂണിടാകിനെതിരായ അന്വേഷണം തുടരാനും അനുമതി നൽകിയിരുന്നു.