തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന വിധി സന്തോഷകരമെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. വീട് മുടക്കി എന്ന പേരിൽ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കിട്ടിയ മറുപടി കൂടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും. ഏത് സ്ഥാനമാനം നഷ്ടപ്പെട്ടാലും അഴിമതി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടങ്ങുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും തെളിയുമെന്ന് അനിൽ അക്കര പറഞ്ഞു. തെളിവുകൾ സിബിഐക്ക് കൈമാറും. വിജിലൻസ് അന്വേഷണം അവസാനിപ്പിച്ച് പൂർണമായും കേസ് സിബിഐക്ക് കൈമാറണം. ഇല്ലെങ്കിൽ കോടതിയെ സമീപിക്കും. ക്രിമിനൽ പെറ്റീഷൻ ആയതിനാൽ സർക്കാരിന് സുപ്രീം കോടതിയിൽ മാത്രമേ അപ്പീൽ നൽകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വിധിന്യായത്തിൽ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് വ്യക്തമായി കോടതി പറഞ്ഞിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണെന്നും രാഷ്ട്രീയ നേതൃത്വത്തിന് ഇതിൽ പങ്കില്ലെന്നും വിധിന്യായത്തിലുണ്ടെന്നും അദ്ദേഹം വാദിച്ചു. സർക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തിനാണ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് എംടി രമേശ് ചോദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

140 ഫ്ലാറ്റുകളാണ് ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിർമിക്കുന്നത്. ഇതോടൊപ്പം, ഒരു ആശുപത്രി സമുച്ചയം നിർമ്മിക്കാനും  ആംബുലൻസും അനുബന്ധ ഉപകരണങ്ങളും കൈമാറുന്നതിനുമാണ് യുണിടാക്കും സെയ്ൻവെഞ്ചേഴ്സുമായി യുഎഇ കോണ്‍സുലേറ്റ് കരാർ ഉണ്ടാക്കിയത്.

സന്തോഷ് ഈപ്പന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ രണ്ടു സ്ഥാപനങ്ങളും. 20 കോടിയുടെ കരാറാണ് യുഎഇ കോൺസുലേറ്റ് ഈ രണ്ടു സ്ഥാപനങ്ങളുമായി ഉണ്ടാക്കിയത്. കോണ്‍സുലേറ്റ് സന്തോഷ് ഈപ്പന് നൽകിയ തുകയിൽ നിന്നും നാലേകാൽക്കോടി കൈക്കൂലിയായി നൽകിയെന്ന് സന്തോഷ് ഈപ്പൻ അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടുണ്ട്. മൂന്നരക്കോടിയോളം നികുതിയായും നൽകേണ്ടിവരുമെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. 

അങ്ങനെയെങ്കിൽ ബാക്കി തുകക്ക് എങ്ങനെ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നതിലാണ് സംശയം ഉയരുന്നത്. ഇതിന്‍റെ ഭാഗമായാണ് ഫ്ലാറ്റ് നിർമാണത്തിൽ അപാകതയുണ്ടോ എന്ന് വിശദമായി പരിശോധിക്കുന്നത്. ഫ്ലാറ്റും ആശുപത്രിയും കൂടാതെ റോഡ്, മാലിന്യ സംസ്കരണപ്ലാന്‍റ് എന്നിവയെല്ലാം നിർമ്മിക്കേണ്ടതും കരാർ കമ്പനിയാണ്. 203 യൂണിറ്റുകളുള്ള ഫ്ലാറ്റ് നിർമ്മിക്കാൻ 27.50 കോടി രൂപ ചെലവാകുമെന്നായിരുന്നു ലൈഫിന്‍റെ കണ്‍സള്‍ട്ടൻട്ടായിരുന്ന ഹാബിറ്റാറ്റിന്‍റെ റിപ്പോർട്ട്. ഹാബിറ്റാറ്റ് നൽകിയ രൂപരേഖയിൽ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് 140 ഫ്ലാറ്റുകൾക്കായി യൂണിടാക്ക് പ്ലാൻ നൽകിയിട്ടുള്ളതെന്ന് വിജിലൻസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ എങ്ങനെയാണ് ഈ ഫ്ലാറ്റ് നിർമാണത്തിനുള്ള പദ്ധതി നടപ്പാക്കാൻ യൂണിടാകിന് കഴിയുകയെന്നതും വിജിലൻസ് വിശദമായി പരിശോധിച്ച് വരികയാണ്.