Asianet News MalayalamAsianet News Malayalam

ലൈഫിൽ സർക്കാരിന് തിരിച്ചടി, സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലൈഫ് ഇടപാടിൽ സിബിഐ അന്വേഷണം തുടരാം. സംസ്ഥാന സർക്കാരും, യൂണിടെക്കും നൽകിയ ഹർജി ഹൈക്കോടതി തള്ളി

life mission cbi enquiry high court verdict
Author
Kochi, First Published Jan 12, 2021, 10:27 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, യൂണിടാക്കും നൽകിയ ഹർജികൾ തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തളളി. എഫ്സിആർഎ നിയമങ്ങളടക്കമുള്ള സിബിഐ വാദങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ വിധി. 

ഉദ്യോഗസ്ഥർ നടത്തുന്ന കുറ്റങ്ങളുടെ ബാധ്യത രാഷ്ട്രീയക്കാർക്ക് മേൽ ചുമത്താൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബുദ്ധിപരമായ അഴിമതി ആണ്. നയപരമായ തീരുമാനം എടുത്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കുറ്റം ആരോപിക്കാൻ ആകില്ല. ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ അഴിമതിയാണിതെന്നും കോടതി നിരീക്ഷിച്ചു. 

ലൈഫ് പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണമെന്നായിരുന്നു സിബിഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസിൽ നേരത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുൺ ലൈഫ് മിഷൻ സിഇഒയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios