തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിൽ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ് വിധിയെന്നും ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാർക്ക് ഏറ്റ തിരിച്ചടിയാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. 

സിബിഐ നടപടിക്ക് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും വിദേശ സഹായം സ്വീകരിക്കുന്നിൽ ലൈഫിന് വിലക്കില്ലെന്ന് തെളി‍ഞ്ഞുവെന്നും സിപിഎം അവകാശപ്പെടുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യുവി ജോസ് സമർപ്പിച്ച ഹർജിയിലാണ് ഇന്ന് സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നത്. 

എഫ്സിആർഎ നിയമത്തിലെ വ്യവസ്ഥകളും സിബിഐ ലഭ്യമാക്കിയ രേഖകളും പരിശോധിക്കുമ്പോൾ ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ന്യായീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് വിജി അരുൺ വ്യക്തമാക്കി. ലൈഫ്മിഷൻ സിഇഒ യുവി ജോസ് അടക്കമുള്ളവർക്കെതിരായ അന്വേഷണം സിംഗിൾ ബഞ്ച് രണ്ട് മാസത്തേക്ക് മരവിപ്പിച്ചാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ  യൂണിടാക്കിനെതിരായ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി എഫ്ഐആർ റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.