തിരുവനന്തപുരം: ലൈഫില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. ലൈഫ് പദ്ധതി രണ്ടാം ലാവലിന്‍ എന്നും മന്ത്രി എ സി മൊയ്ദീന്റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. റെഡ് ക്രസന്റ് ഇന്ത്യയില്‍ ഒരു പദ്ധതി തുടങ്ങാന്‍ റെഡ് ക്രോസ് അനുമതി വാങ്ങണം. യൂണിടാക്ക് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സമര്‍പ്പിച്ചത് ലൈഫ് മിഷന്‍ ആയിരുന്നു. യുവി ജോസ് ആണ് ഒപ്പിട്ടത്. അല്ലാതെ താനോ യുഡിഎഫ് മുന്നണിയോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയിലെ ധാരണ പത്രം താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പകര്‍പ്പ് നല്‍കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് നടന്ന ലൈഫ് പദ്ധതി രണ്ടാം ലാവലിന്‍ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലാവലിന്‍ കേസ ഇപ്പോഴും സുപ്രീംകോടതിയില്‍ നടക്കുകയാണെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ നിര്‍മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യൂണിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന കരാര്‍ രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ധാരണപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണ കരാറില്‍ കക്ഷിയല്ല. ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത് ജുലൈ 11നായിരുന്നു. യുഎഇയിലെ റെഡ് ക്രസെന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന് പോലും കേന്ദ്ര അനുമതി തേടാതിരിക്കെയാണ് നിര്‍മ്മാണം കോണ്‍സുല്‍ ജനറല്‍ നേരിട്ട് ഒപ്പിട്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. റെഡ് ക്രസന്റാകും പദ്ധതി ചെലവ് വഹിക്കുക എന്ന പരമാര്‍ശം മാത്രമാണ് കരാറിലുള്ളത്. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് നിര്‍മ്മാണകരാര്‍. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മ്മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ കൂടി ചേര്‍ന്നാണ്. ഈ വ്യവസ്ഥ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പക്ഷെ ധാരണാപത്രവും ചട്ടവും അട്ടിമറിച്ച കരാറിലൂടെ തെരഞ്ഞെടുത്ത യൂണിടെക്കിന് പച്ചക്കൊടി കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കരാറിനും ശേഷം ഓഗസ്റ്റില്‍ യൂണിടാകിന്റെ പദ്ധതി രേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും കാണിച്ച് ലൈഫ് മിഷന്‍ സിഇഒ റെഡ് ക്രസന്റിന് അയച്ച കത്താണ് ഇതിന്റെ പ്രധാന ഉദാഹരണം.