തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണ കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ്ക്രസന്റും സർക്കാരുമായുണ്ടാക്കിയ കരാർ ആവശ്യപ്പെട്ട പ്രതിപക്ഷനേതാവിന്‍റെ കത്തിനെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന്  മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി .

കഴിഞ്ഞ മാസം 11നാണ് വിവാദ ഫ്ലാറ്റ് നിര്‍മ്മാണത്തിന്‍റെ കരാര്‍ രേഖകൾ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകി. എന്നിട്ടും രേഖകൾ നൽകാനോ പ്രതിപക്ഷ നേതാവിന് മറുപടി നൽകാനോ തയ്യാറായിട്ടില്ല. വിവരം നൽകാൻ താൽപര്യമില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്നൊഴിവാക്കണമെന്ന കടുത്ത നിലപാട് ചെന്നിത്തല സ്വീകരിച്ചു. എന്നിട്ടും ചാഞ്ചാട്ടമില്ല. 

പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെക്കുറിച്ചും രേഖകൾ കിട്ടാത്ത സാഹചര്യത്തെക്കുറിച്ചും ചോദിച്ചപ്പോൾ അത് അതിന്റെ ഘട്ടത്തിൽ വന്നോളും, അതിനെ പറ്റി പ്രശ്നമില്ലെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ചോദ്യം ആവര്‍ത്തിച്ചപ്പോൾ മറുപടി പരിഹാസത്തിലൊതുക്കി. ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ 15നും മുഖ്യമന്ത്രിയോട്  ചോദിച്ചപ്പോൾ ഇതേ പ്രതികരണമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

 "
 

ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ വിവരാവകാശപ്രകാരം ചോദിച്ചിട്ടും ഇരുവരെ മറുപടിയില്ല.  നാലര കോടി കമ്മീഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ട്ടാവ് വരെ വെളിപ്പെടുത്തിയ പദ്ധതിയുടെ വിശദാംശങ്ങളാണ് സർക്കാർ മൂടി വയ്ക്കുന്നത്. എന്തുകൊണ്ട് കരാറിന്റെ വിശദാംശങ്ങൾ നൽകുന്നുന്നില്ലെന്നത് ദുരുഹമാണെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു