Asianet News MalayalamAsianet News Malayalam

ഭരണാനുമതി 13 കോടി, റെഡ് ക്രസന്റ് വന്നപ്പോൾ 20 കോടി; ലൈഫ് മിഷൻ പദ്ധതിയിലെ ദുരൂഹത വർധിക്കുന്നു

സർക്കാർ ഭൂമിയിലെ പദ്ധതിക്ക് ടെൻഡർ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്‍റ് കരാർ നൽകിയതെന്നതും ദുരൂഹം. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറും ഇതുവരെ പുറത്തുവിട്ടിട്ടില്ല

Life mission project Swapna suresh Red Crescent Pinarayi Vijayan
Author
Thiruvananthapuram, First Published Aug 11, 2020, 9:42 PM IST

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷൻ പറ്റിയ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ദുരൂഹത വർദ്ധിക്കുന്നു. റെഡ്ക്രസ്ന്‍റ് 20 കോടി നൽകിയ വിവാദ പദ്ധതിക്ക് നേരത്തെ സർക്കാർ 13കോടിക്ക് ഭരണാനുമതി നൽകിയെന്ന രേഖ പുറത്തുവന്നു. സ്വപ്ന കമ്മീഷൻ വാങ്ങിയതിലെ സർക്കാർ അന്വേഷണത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകാൻ തയ്യാറായതുമില്ല.

ഇപ്പോൾ വിവാദമായ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്‍റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ലാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടെക്ക് എന്ന സ്ഥാപനത്തിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷൻ കിട്ടുന്നത്.

സർക്കാർ ഭൂമിയിലെ പദ്ധതിക്ക് ടെൻഡർ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്‍റ് കരാർ നൽകിയതെന്നതും ദുരൂഹം. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്മീഷനും മറ്റ് പ്രശ്നങ്ങളും ഉയർന്നപ്പോൾ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. എന്നാൽ മൂന്നാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല.

സർക്കാരിന്‍റെ പദ്ധതിയിൽ പൊതുഭൂമിയിൽ സ്വകാര്യ സ്ഥാപനം ഭാഗമാകുമ്പോൾ കമ്മീഷൻ ഇടപാടുകളിൽ സർക്കാരിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് അനിൽ അക്കരെ എംഎൽഎ രംഗത്തെത്തി. സർക്കാരിന് ബാധ്യത ഇല്ലെന്ന് പറയുമ്പോഴും റെഡ് ക്രസന്‍റ് ഭവനങ്ങളുടെ കെട്ടിടനിർമ്മാണ പെർമിറ്റ് ലൈഫ് മിഷന്‍റെ പേരിലാണെന്ന് അനിൽ അക്കര പറഞ്ഞു.

Follow Us:
Download App:
  • android
  • ios