Asianet News MalayalamAsianet News Malayalam

ലൈഫ് മിഷൻ കോഴ ഇടപാട്; എം ശിവശങ്കറെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു

കേസിൽ ശിവശങ്കറെ നേരത്തെ അഞ്ചാം പ്രതിയാക്കിയിരുന്നു. കോഴയിടപാടിനെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരുന്നതായി സ്വപ്ന വിജിലൻസിന് മൊഴി നൽകിയിരുന്നു. 

life mission scam m sivasankar questioned by vigilance
Author
Kochi, First Published Nov 18, 2020, 10:26 AM IST

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിൻസിപ്പൽ സെ‌ഷൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്. കേസിൽ ശിവശങ്കറെ നേരത്തെ അഞ്ചാം പ്രതിയാക്കിയിരുന്നു. കോഴയിടപാടിനെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരുന്നതായി സ്വപ്ന വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിനിടെ സ്വപ്ന സുരേഷിനെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടിയിട്ടുണ്ട്. കളളക്കടത്ത് ഇടപാട് ശിവശങ്ക‌ർ അറിഞ്ഞിരുന്നെന്ന് പ്രതികൾ ആവർത്തിച്ചാൽ ശിവശങ്കറെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ആലോചന. 

ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻറ് അവകാശപ്പെടുന്ന വാദങ്ങളിൽ കോടതി ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. ശിവശങ്കർ നൽകിയ ജാമ്യഹർജി തളളി കൊണ്ടുള്ള വിധിയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സംശയങ്ങൾ ഉന്നയിക്കുന്നത്. നയതന്ത്ര ബാഗ് വിട്ടുകൊടുക്കാൻ രണ്ട് തവണ കസ്റ്റംസ് ഓഫിസറെ വിളിച്ചെന്ന് ശിവശങ്കർ മൊഴി നൽകിയതായി ഇഡി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഈ മൊഴി കേസ് രേഖകളിലില്ലന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും സ്വപ്ന സുരേഷ് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇത് സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ഇതു വരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios